ഓൺലൈൻ വായ്പ തട്ടിപ്പിൽ കുടുങ്ങി കോട്ടയം സ്വദേശിനിയായ യുവ സംവിധായിക.യുവതിയുടെ മൊബൈൽ ഫോണിലേക്ക് രണ്ടുലക്ഷം രൂപ വായ്പയ്ക്ക് അർഹതയുണ്ട് എന്ന സന്ദേശം വരികയും , സന്ദേശത്തിൽ ഉണ്ടായിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും ആണ് ഉണ്ടായത്. തുടർന്ന് 2400 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആയതായി മെസ്സേജ് വന്നു. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ ഈ തുകയുടെ ഉറവിടം അറിയാൻ കഴിയില്ലെന്നും അറിഞ്ഞു . തൊട്ടടുത്ത ദിവസം “ക്വിക്ക് ക്യാഷ്” എന്ന ഓൺലൈൻ വായ്പ ആപ്പിൽ നിന്നും 4000 രൂപ വായ്പയെടുത്തുവെന്നും പലിശ ഉൾപ്പെടെ 4018 രൂപ അഞ്ചു മിനിറ്റിനകം അടയ്ക്കണമെന്നും അല്ലാത്തപക്ഷം ഫോണിലുള്ള കോൺടാക്ട് നമ്പറുകളിലേക്ക് യുവതിയെക്കുറിച്ച് അപവാദം പ്രചരിപ്പിക്കും എന്നുള്ള ഭീഷണി സന്ദേശവും ഫോൺ വിളികളും തുടർച്ചയായി എത്തിത്തുടങ്ങി.
ഫോണിൽ ഉണ്ടായിരുന്ന വിവരങ്ങൾ ചോർത്തിയെന്നും, മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നുമുള്ള ഭീഷണികൾ വന്നതിനെ തുടർന്ന് പോലീസിലും സൈബർ സെല്ലിലും പരാതി നൽകിയിരിക്കുകയാണ് മെഡിക്കൽ റെപ്രസെൻെററ്റീവ് കൂടിയായ യുവതി. ഈ ഫോൺവിളികളും, സന്ദേശങ്ങളും എല്ലാം തന്നെ ഇന്റർനെറ്റിന്റെ സഹായത്തോടുകൂടിയാണ് എന്നത് കൊണ്ട്, ഈ തട്ടിപ്പ് സംഘത്തെ കണ്ടെത്തുക എന്നുള്ളത് പ്രയാസമാണ് എന്നാണ് സൈബർ സെല്ലിൽ നിന്നും അറിയിച്ചിട്ടുള്ളത്.
ഇത്തരത്തിലുള്ള ആപ്പുകളിൽ ആർബിഐയുടേത് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ഉള്ളതായും, 100%സുരക്ഷിതമാണെന്നും അവകാശപ്പെടുന്നു എന്നതുകൊണ്ടാണ് കൂടുതൽ പേരും ഈ തട്ടിപ്പിന് ഇരയാവുന്നത്.
മാത്രമല്ല സോഷ്യൽ മീഡിയകളിൽ എല്ലാം തന്നെ ഈ പറയുന്ന “ക്വിക്ക് ക്യാഷ് ” ഉൾപ്പെടെയുള്ള വ്യാജ ലോൺ ആപ്പുകളുടെ പരസ്യങ്ങളും നിരവധിയാണ്.
വ്യാജ ലോൺ ആപ്പുകൾ സജീവമാണെന്നും, ഇത്തരത്തിൽ വിശ്വാസ്യതയില്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും ഫോണിൽ സൂക്ഷിക്കരുതെന്നും ജനങ്ങൾ ബോധവാന്മാരാകണമെന്നും പോലീസ് അധികാരികൾ പറയുന്നു.