തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രിക്കായി വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് കോടികള്‍.
വാടകയിനത്തില്‍ മാത്രം കഴിഞ്ഞ 9 മാസം നല്‍കിയത് ഏഴു കോടി 20 ലക്ഷം രൂപ. അതേസമയം എത്ര തവണ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തെന്ന് പറയാതെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നിയസഭയിലെ ചോദ്യത്തിന് മറുപടി നല്‍കിയത്.
വാടകയ്‌ക്കെടുത്ത ഹെലികോപ്റ്റർ വിഷയത്തില്‍ എ പി അനില്‍ കുമാർ എംഎല്‍എ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയത്. സംസ്ഥാനത്തെ വിവിധ ആവശ്യങ്ങള്‍ക്കായി കേരള പോലീസ് വാടകക്കെടുത്ത ഹെലികോപ്റ്റർ ഒമ്പതു മാസത്തിനിടയില്‍ ഏഴു കോടി 20 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട് എന്നാണ് കണക്ക്. 2023 ഒക്ടോബർ 20 മുതല്‍ ഈ വർഷം ജൂണ്‍ 19 വരെയുള്ള കണക്കുകളാണിത്. കഴിഞ്ഞ മൂന്നു മാസമായി വാടക നല്‍കിയിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട് .
Z പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന യാത്രകളുടെ വിശദാംശങ്ങള്‍ സുരക്ഷാ കാരണത്താല്‍ ലഭ്യമാക്കുന്നത് ഉചിതമല്ല എന്നാണ് മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ചോദ്യത്തിനുള്ള മറുപടി. കൂടാതെ വയനാട്ടില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ രക്ഷാപ്രവർത്തകരെ 2024 ജൂലൈ 31ന് തിരുവനന്തപുരത്തു നിന്നും കോഴിക്കോട് വരെ എത്തിക്കുന്നതിനും 2024 ഓഗസ്റ്റ് 5 ന് എയർ ആംബുലൻസ് ആയും ഹെലികോപ്റ്റർ പ്രവർത്തിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന സാഹചര്യത്തിലാണ് അധിക ധൂർത്തായി ഹെലികോപ്റ്റർ സർക്കാർ വീണ്ടും വാടകയ്‌ക്ക് എടുക്കുന്നത്. അടിയന്തര ഘട്ടങ്ങളില്‍ ഹെലികോപ്റ്റർ ഉപയോഗിക്കാത്തതിനെതിരെ രൂക്ഷമായ വിമർശനങ്ങളും മുൻപ് സർക്കാരിന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇതിനിടയിലാണ് കോടികള്‍ ഖജനാവില്‍ നിന്നും വാടക ഇനത്തില്‍ ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നതും.