തൃശ്ശൂർ – ചെമ്പൂത്ര ദേശീയപാതയിൽ എയർഗണ്ണും, കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് പിടികൂടി. ബാംഗ്ലൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള യാത്രക്കിടെയാണ് കാറിൽ എത്തിയ സംഘം പോലീസ് പിടിയിലായത്.
കാറിൽ നാലങ്ക സംഘം എംഡിഎംഎയുമായി തൃശ്ശൂരിലേക്ക് വരുന്നുണ്ടെന്നായിരുന്നു സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളംങ്കോയ്ക്ക് ലഭിച്ച രഹസ്യ വിവരം. പീച്ചി പോലീസിനെയും ലഹരി വിരുദ്ധസേനയെയും കമ്മീഷണർ പരിശോധനയ്ക്കായി ചുമതലപ്പെടുത്തി. തൃശ്ശൂർ ജില്ലാ അതിർത്തിയിൽ കാർ എത്തിയപ്പോൾ പോലീസ് ഇവരെ പിന്തുടർന്നു.
ചെമ്പൂത്ര ദേശീയപാതയിൽ ഹോട്ടലിൽ മുന്നിൽ വണ്ടി നിർത്തി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടയാണ് യുവാക്കളെ പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ എയർഗണ്ണും, 30 ഗ്രാം കഞ്ചാവും, നിരോധിത സിഗരറ്റുകളും കണ്ടെടുത്തു. ഗുരുവായൂർ സ്വദേശികളായ ആകർഷ്, ഫാസിൽ, കൊല്ലം സ്വദേശി ആദർശ്, പാവറട്ടി സ്വദേശി റംഷീക് എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംശയം തോന്നിയതിനാൽ വർക്ഷോപ്പ് ജീവനക്കാരെ കൊണ്ട് കാറിൻറെ ഓരോ ഭാഗങ്ങളും വിശദമായി പരിശോധിച്ചു.
എം ഡി എം എ കണ്ടെത്താനായില്ല. കൂടുതൽ വിവരങ്ങൾക്കായി യുവാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു