ശബരിമല :- പോലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് പമ്പ ഗണപതി ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കയറിയതില്‍ ശക്തമായ പ്രതിഷേധമുയരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഭക്തർക്കിടയില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയരുന്നത്. നഗ്നപാദരായിട്ടാണ് തീർത്ഥാടകർ ഗണപതി ക്ഷേത്രത്തിലെത്തുന്നതും പിന്നീട് മലകയറുന്നതും.
ഇതിനിടയിലാണ് പോലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കടന്നത്. പ്രതിഷേധം ഉയർന്നതോടെ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ശബരിമല പോലീസ് കോ- ഓർഡിനേറ്റർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് നടപ്പന്തലില്‍ കയറിയത്.
ആചാരാനുഷ്ഠാനങ്ങളെ മാനിക്കാത്ത സമീപനം ശബരിമലയില്‍ നിയോഗിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ആവർത്തിക്കപ്പെടുന്നതില്‍ ഭക്തരും അസ്വസ്ഥരാണ്. നേരത്തെ സന്നിധാനത്ത് പതിനെട്ടാം പടിയില്‍ നിന്ന് പോലീസുകാർ ഗ്രൂപ്പ് ഫോട്ടോയ്‌ക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചും ഇക്കാര്യത്തില്‍ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷൂ ധരിച്ച് ക്ഷേത്ര നടപ്പന്തലില്‍ പോലസ് കയറിയത്.
ഈ മണ്ഡലകാലത്ത് പോലീസിൽ നിന്നും ഗുരുതര വീഴ്ചകള്‍ ആവർത്തിച്ചിട്ടും വീണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് ഭക്തജന സംഘടനകള്‍ . പമ്പ മുതല്‍ സന്നിധാനം വരെയുള്ള മുഴുവൻ സ്ഥലങ്ങളിലും ആചാര പരിപാവനത കാത്തുസൂക്ഷിക്കണമെന്നാണ് ഭക്തർ ആവശ്യപ്പെടുന്നത്. ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച് ശബരിമല ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്ഥർക്ക് മാർഗനിർദ്ദേശങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച ആവർത്തിക്കുകയാണെന്നും ഭക്തരുടെ കണ്ണില്‍ പൊടിയിടാൻ അന്വേഷണം എന്ന പേരില്‍ പ്രഹസനം നടത്തിയിട്ട് കാര്യമില്ലെന്നും ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചർ പറഞ്ഞു. പോലീസിന്റെ പല പ്രവൃത്തിയിലും വ്യാപക ആക്ഷേപം ഉണ്ടായിട്ടും വീഴ്ചകള്‍ ആവർത്തിക്കുന്നതില്‍ ഭക്തരിലും അമർഷമുണ്ട്. തുടർന്നും ഇത്തരത്തിലുള്ള ആചാരലംഘനങ്ങൾ ഉണ്ടാവാതിരിക്കാൻ ശക്തമായ നിർദ്ദേശം നൽകണമെന്നും ഭക്തജന സംഘടനകൾ ആവശ്യപ്പെട്ടു.