മുറിവേറ്റ് തളർന്ന് വീണ ചെന്നിത്തല കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉയർത്തെഴുന്നേറ്റത് ഫീനിക്സ് പക്ഷിയെ പോലെ; സമുദായ സംഘടനകളും ആയുള്ള ചെന്നിത്തലയുടെ അടുപ്പത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന് വൻ പ്രതീക്ഷ.
സംസ്‌ഥാനഭരണം തിരിച്ചുപിടിക്കാന്‍ സമുദായ സംഘടനകളുമായുള്ള ബന്ധം അനിവാര്യമാണെന്ന് അറിയാമെങ്കിലും ചെന്നിത്തലയുടെ രാഷ്‌ട്രീയ മനസിനോടു ഹൈക്കമാന്‍ഡ് തല്‍ക്കാലം അകലം പാലിച്ചേക്കുമെന്നു സൂചന. സമുദായ സംഘടനകളുമായി അടുക്കുന്ന രമേശ് ചെന്നിത്തലയുടെ നീക്കങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വൻ പ്രതീക്ഷ. സര്‍വസമ്മതനായി ചെന്നിത്തല മാറുന്നപക്ഷം അതിന് അനുസൃതമായി നിയമസഭാ തെരഞ്ഞെടുപ്പു വര്‍ഷമായ 2026-ലായിരിക്കും മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനം.
മന്നം ജയന്തി ആഘോഷ ഉദ്‌ഘാടകനായി എന്‍.എസ്.എസും ശിവഗിരി തീര്‍ഥാടന പദയാത്രാ സമ്മേളനത്തിലേക്ക് എസ്.എന്‍.ഡി.പിയും തെരഞ്ഞെടുത്തത് രമേശ് ചെന്നിത്തലയെയാണ്. രണ്ടു സംഘടനകളും ചെന്നിത്തലയെ നേതാവായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്. ചെന്നിത്തലയോട് അതൃപ്‌തിയില്ലെന്നു മുസ്ലിം ലീഗ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിനുപുറമെ ജാമിഅ നൂരിയ സമ്മേളന വേദിയിലും ചെന്നിത്തലയ്‌ക്ക് ഇടംലഭിച്ചു. നാളെ എം.കെ. മുനീര്‍ അധ്യക്ഷനാകുന്ന സെഷന്‍ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും.മുസ്ലിം ലീഗ് സംസ്‌ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളാണ് ജാമിഅയുടെ പ്രസിഡന്റ്. ലീഗ് നേതൃത്വത്തിന്റെ താല്‍പ്പര്യം ക്ഷണത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
ലീഗിനു തന്നോടാണ് താല്‍പ്പര്യമെന്നും മുനമ്ബം വിഷയത്തില്‍ ക്രൈസ്‌തവ സഭകളുടെ പിന്തുണയടക്കം തനിക്കൊപ്പമാണെന്ന തരത്തിലും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടിരുന്നു. ചെന്നിത്തലയെ തള്ളിപ്പറയാതെയായിരുന്നു ഇതെല്ലാം. ഇതിനിടെയാണ് ലീഗ് നേതൃത്വത്തിന് സ്വാധീനമുള്ള സംഘടന ചെന്നിത്തലയെ ഉദ്‌ഘാടകനായി ക്ഷണിക്കുന്നത്.മന്നം ജയന്തി സമ്മേളന വേദിയില്‍ ശിവഗരി മഠത്തിനും മുഖ്യമന്ത്രിക്കുമെതിരേ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. ഈ വിഷയത്തില്‍ അഭിപ്രായം പറയാതെ മന്നത്തെയും സുകുമാരന്‍ നായരെയുംമാത്രം ഉയര്‍ത്തിക്കാട്ടിയായിരുന്നു ചെന്നിത്തലയുടെ പ്രസംഗം.
ഒരു വിഭാഗത്തേയും പിണക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശമാണ് ഇതിലൂടെ ചെന്നിത്തല നല്‍കിയത്. എട്ടുവര്‍ഷത്തിനു ശേഷമാണ് എസ്.എന്‍.ഡി.പി. രമേശ് ചെന്നിത്തലയെ പ്രധാന വേദിയിലേക്കു ക്ഷണിച്ചത്. ഇതിനൊപ്പം ചെന്നിത്തലയെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പുകഴ്‌ത്തിയതും സ്വീകാര്യതയ്‌ക്കു തെളിവായി. എന്‍.എസ്.എസിന്റെ പുത്രനാണ് ചെന്നിത്തല എന്നാണ് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ അഭിപ്രായ പ്രകടനം.
ഐ ഗ്രൂപ്പ് പുനരുജീവിപ്പിക്കാൻ നീക്കം
കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കമാണ് മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തല ഇപ്പോള്‍ നടത്തുന്നത്. സജീവമല്ലാത്ത നേതാക്കളെയടക്കം രംഗത്തിറക്കി ഗ്രൂപ്പ് ശക്തിപ്പെടുത്താനാണ് നീക്കം. ഗ്രൂപ്പ് നേതാക്കളുമായി രമേശ് ചെന്നിത്തല ഇതിനകം ആശയവിനിമയം നടത്തിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് സാന്നിധ്യം ഉറപ്പിച്ചും മേല്‍ക്കൈ ഉണ്ടാക്കിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുനമ്ബം സമരഭൂമിയിലേക്കും അരിപ്പ സമരഭൂമിയിലേക്കും എംടി അനുസ്മരണ ചടങ്ങിലും വിവിധ ദിവസങ്ങളിലായി ചെന്നിത്തല പങ്കെടുക്കും.
ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽപ്പ്
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് അപമാനിതനായി പുറത്തുപോയ ചെന്നിത്തല പ്രസക്തി പിടിച്ചുനിർത്തുവാൻ ആദ്യകാലങ്ങളിൽ നടത്തിയ നീക്കങ്ങൾ ഒന്നും തന്നെ ഫലവത്തായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അന്യസംസ്ഥാനങ്ങളുടെ ചുമതല കിട്ടിയപ്പോൾ അവിടെ വിജയം ഉണ്ടാക്കി മേൽവിലാസം ശക്തിപ്പെടുത്താം എന്ന പ്രതീക്ഷകളും അസ്ഥാനത്തായി. എന്നാൽ പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ ഒരു സുപ്രഭാതത്തിൽ അദ്ദേഹം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പ്രഭവ കേന്ദ്രമായി മാറുന്ന അത്ഭുത കാഴ്ചയാണ് ഇപ്പോൾ ഉണ്ടാകുന്നത്. മുറിവേറ്റ് വീണ ചെന്നിത്തല ഇപ്പോള്‍ ഫീനിക്‌സ് പക്ഷിയായി ഉയര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനമല്ലാതെ മറ്റൊന്നും അദ്ദേഹം ലക്ഷ്യമിടുന്നില്ല. കെപിസിസി അധ്യക്ഷനായും ആഭ്യന്തര മന്ത്രിയായും തിളങ്ങിയ നേതാവാണ് രമേശ് ചെന്നിത്തല. വരുംകാല കേരളീയ രാഷ്ട്രീയത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ചെന്നിത്തലയ്ക്ക് അവസരം കിട്ടുമോയെന്ന ചോദ്യമാണ് ഉയരുന്നത്.