കോട്ടയം :- പെരിയ ഇരട്ട കൊലപാതകം മാർക്സിസ്റ്റ് പാർട്ടി ആസൂത്രിതമായി ചെയ്തതാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്ന് രമേശ് ചെന്നിത്തല. ഒരു എംഎൽഎ അടക്കം ഉന്നത നേതാക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് കോൺഗ്രസ് ആദ്യം തന്നെ പറഞ്ഞതാണ്. എന്നിട്ടും പാർട്ടിക്ക് പങ്കില്ലെന്ന ഇടതു നേതാക്കളുടെ കൈകഴുകൽ കോടതി വിധിയോടെ പൊളിഞ്ഞിരിക്കുകയാണ്.
കേസിൽ മുഴുവൻ നീതി നടപ്പിലായി എന്ന് വിശ്വസിക്കുന്നില്ല. കേസിൽ തുടർനടപടി കുടുംബവുമായി ആലോചിച്ച് പാർട്ടി തീരുമാനിക്കും. സിപിഎം നേതൃത്വം പ്രതികൾക്ക് ഒത്താശയും സഹായവും നൽകിയതാണ്. ഇതിനാൽ അരുംകൊലപാതകത്തിന് പിന്നിലുള്ള മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പെരിയ കേസിൽ കോൺഗ്രസിൻ്റെ പോരാട്ടം തുടരുമെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പെരിയ കേസ് തേച്ച് മായിച്ച് കളയാൻ ഗവൺമെൻ്റ് തലത്തിൽ തന്നെ ശ്രമം നടന്നതാണെന്നും അതിനേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ കുടുംബത്തിന്റെ ഒപ്പം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.