സന്നിധാനം : മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. വൈകീട്ട് 4 മണിയോടെ തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയാണ് നട തുറന്നത്. ജനുവരി 14 നാണ് മകരവിളക്ക്. മേല്‍ശാന്തി സന്നിധാനത്തെ ആഴിയില്‍ അഗ്‌നി പകര്‍ന്നതോടെ തീര്‍ഥാടകര്‍ പതിനെട്ടാം പടി ചവിട്ടി ദര്‍ശനം തുടങ്ങി. 30,000 തീര്‍ഥാടകര്‍ വെര്‍ച്വല്‍ ക്യൂ വഴി ആദ്യ ദിനം ദര്‍ശനത്തിനെത്തി.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് സ്പോട്ട് ബുക്കിങിന് അഞ്ച് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ട് പുതിയ കൗണ്ടര്‍ കൂടി മകരവിളക്ക് മഹോത്സവത്തിനായി ഏര്‍പ്പെടുത്തി. മുന്‍കൂട്ടി നടത്തിയ തയ്യാറെടുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും ഫലമായി പരാതിരഹിതമായിരുന്നു മണ്ഡലകാലം. മകര വിളക്ക് തീര്‍ഥാടനം സുഗമമാക്കാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ചുമതലയ്ക്കായി പൊലീസിന്റെ അഞ്ചാമത്തെ ബാച്ച് സന്നിധാനത്ത് ചുമതലയേറ്റു.
തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്‌പി എസ് മധുസൂദനന്റെ നേതൃത്വത്തിലാണ് പുതിയ സംഘം. 10 ഡിവൈഎസ്പിമാരും 33 സിഐമാരും ഉള്‍പ്പടെ 1,437 പേരാണ് പുതിയ ബാച്ചിലുള്ളത്.