തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി റിപ്പോർട്ട്. നാല് ദിവസം മുമ്പാണ് നടൻ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്ക് വന്നിരുന്നില്ലെന്നാണ് വിവരം. സീരിയൽ അഭിനയത്തിനായാണ് ഇദ്ദേഹം ഹോട്ടലിൽ മുറിയെടുത്തത് എന്ന് സൂചന.
ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് ഇവരും ഹോട്ടലിലേക്ക് അന്വേഷിച്ച് എത്തിയിരുന്നു. ഇതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്ന് നോക്കിയപ്പോഴാണ് ദിലീപിനെ മരിച്ച നിലയിൽ മുറിക്കുള്ളിൽ കാണുന്നത്. മുറിയിൽ നിന്ന് ദുർഗന്ധം വന്നു തുടങ്ങിയിരുന്നു.