കോട്ടയം :- എംജി സര്‍വകലാശാലയില്‍ അധ്യാപകനെതിരെ നല്‍കിയ ലൈംഗിക പീഡന പരാതി ഒതുക്കി തീർക്കുന്നതായി ആരോപണം. സർവകലാശാലയില്‍ സെമിനാറിനെത്തിയ കർണാടകയില്‍ നിന്നുള്ള ഗവേഷക വിദ്യാർത്ഥിനിയോട് അധ്യാപകൻ അപമര്യാദയായി പെരുമാറിയതായിട്ടാണ് പരാതി. സ്കൂള്‍ ഓഫ് ഇൻ്റർനാഷണല്‍ റിലേഷൻസിലെ അധ്യാപകനായ എംവി ബിജുലാലിനെതിരെയാണ് കർണാടക സെൻട്രല്‍ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി പരാതി നല്‍കിയിരിക്കുന്നത്.
കുടിയേറ്റ വിഷയവുമായി ബന്ധപെട്ട് കഴിഞ്ഞ ആഴ്ച എംജി സർവകലാശാല സ്കൂള്‍ ഓഫ് ഇൻ്റർനാഷണല്‍ റിലേഷൻസ് ദ്വിദിന സെമിനാർ സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും വിദ്യാർത്ഥികള്‍ സെമിനാറില്‍ പങ്കെടുത്തിരുന്നു. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥിനി എറണാകുളത്ത് കുടിയേറ്റ തൊഴിലാളി ക്യാമ്പുകള്‍ സന്ദർശിക്കാൻ അധ്യാപകനൊപ്പം പോയിരുന്നു. ഫീല്‍ഡ് വിസിറ്റിനിടയില്‍ അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തെ തുടർന്ന് കടുത്ത മാനസിക പ്രശ്നനങ്ങള്‍ നേരിടുന്നതായും വിദ്യാർത്ഥിനി ഈ മെയില്‍ വഴി നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി ഇൻറേണല്‍ കമ്മറ്റി ചെയർമാന് കൈമാറിയതായി സർവകലാശാല റജിസ്ട്രാർ അറിയിച്ചു. കമ്മറ്റിയുടെ റിപ്പോർട്ട് മുദ്ര വെച്ച കവറില്‍ വൈസ് ചാൻസലർക്ക് നല്‍കും. റിപ്പോർട്ടിലെ ശുപാർശ അനുസരിച്ച് പോലീസില്‍ പരാതി നല്‍കുന്നതടക്കം തുടർ നടപടികള്‍ സ്വീകരിക്കുമെന്നും റജിസ്ട്രാർ അറിയിച്ചു.
ഇടത് അധ്യാപക സംഘടനയില്‍ അംഗമായ ബിജുലാലിനെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നതെന്ന് കെഎസ്‌യു ആരോപിച്ചു. ഇത്രയും ഗൗരവമുള്ള പരാതി ക്രിമിനല്‍ കുറ്റം എന്ന തരത്തില്‍ പോലീസിന് കൈമാറേണ്ടതിന് പകരം സര്‍വകലാശാലയുടെ പരാതി പരിഹാര സെല്ലിലേക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന ആക്ഷപവും ശക്തമാണ്.
ബിജുലാലിനെതിരെ മുമ്പും നിരവധി പരാതികള്‍ ഉണ്ടായിരുന്നു. അതൊക്കെ ഒതുക്കി തീര്‍ത്തതായും വിദ്യാർത്ഥികള്‍ പറയുന്നു. അതിനാല്‍ എത്രയും പെട്ടന്ന് പരാതി പോലീസിന് കൈമാറി അടിയന്തരമായി നീതി നടപ്പാക്കണമെന്നാണ് ആവശ്യം. പരാതി ഉടൻ പോലീസിന് കൈമാറിയില്ലെങ്കില്‍ യൂണിവേഴ്സിറ്റിയിലേക്ക് മാർച്ച് നടത്താനും വിദ്യാർത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവം നടന്നത് സർവകലാശാലക്കുള്ളില്‍ അല്ലാത്തതിനാല്‍ പോലീസിന് കൈമാണമെന്നാണ് ഒരു വിഭാഗം അധ്യാപകരും ആവശ്യപ്പെടുന്നത്. വിഷയത്തില്‍ കർണാടക സെൻട്രല്‍ യൂണിവേഴ്സിറ്റി അധികൃതർ ഇടപെട്ടതായിട്ടും സൂചനകളുണ്ട്.