കൊച്ചി : അടിയ്ക്കടി വാർത്തകളില്‍ ഇടംപിടിയ്ക്കുന്ന നടനാണ് ഷൈൻ ടോം ചാക്കോ. തന്റെ പെരുമാറ്റത്തിന്റെ പേരില്‍ താരം വിവാദങ്ങളില്‍പെടുന്നത് പതിവാണ്. സ്വന്തം പെരുമാറ്റത്തിന്റെ പേരില്‍ മുൻപ് തന്നെ രൂക്ഷമായ വിമർശനങ്ങള്‍ നേരിടേണ്ടിവന്ന താരം കൂടിയാണ് ഷൈൻ ടോം ചാക്കോ.
ഇപ്പോഴിതാ തന്റെ പെരുമാറ്റത്തിന് കാരണം തന്റെ രോഗമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം അസുഖത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. തനിക്ക് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി സിൻഡ്രോം ഉണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വളരെ മുൻപ് തന്നെ തന്റെ ഈ രോഗം കണ്ടുപിടിച്ചിരുന്നുവെന്നും ഷൈൻ കൂട്ടിച്ചേർത്തു.
എഡിഎച്ച്‌ഡി ഉള്ള ആളാണ് താൻ. എങ്ങിനെയെങ്കിലും ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റണം. ഈ ചിന്തയില്‍ നിന്നാണ് ഒരു ആക്ടർ ഉണ്ടാകുന്നത്. ഈ ചിന്തയുടെ ഒരംശം എല്ലാ പുരുഷന്മാരിലും ഉണ്ടാകും. നമ്മള്‍ ഏത് കാര്യം ചെയ്യുന്നതും ശ്രദ്ധ പിടിച്ചു പറ്റണം എന്ന ഉദ്ദേശത്തോടെയാണ്. അതിന്റെ അളവ് കൂടുതല്‍ ഉള്ളവരാണ് എഡിഎച്ച്‌ഡി എന്ന രോഗമുള്ളവർ. അതിനെയാണ് ഡിസോർഡർ എന്ന് പറയുന്നത് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.
എല്ലായ്‌പ്പോഴും എല്ലാവരും തന്നെ മാത്രം ശ്രദ്ധിക്കണം എന്ന് ചിന്തിക്കുന്നവരാണ് എഡിഎച്ച്‌ഡിയുള്ളവർ. പലരും ഈ അസുഖത്തെ മോശമായിട്ടാണ് കാണാറുള്ളത്. എന്നാല്‍ തനിക്ക് ഈ അസുഖം ഗുണമാണ്. കറ നല്ലതാണെന്ന് പറയില്ലേ. അത് പോലെ. എഡിഎച്ച്‌ഡി വളരെ നല്ലതാണെന്നും താരം വ്യക്തമാക്കി.അടുത്തിടെ തനിക്ക് എഡിഎച്ച്‌ഡി ഉണ്ടെന്ന വെളിപ്പെടുത്തലുമായി നടൻ ഫഹദ് ഫാസില്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷൈൻ ടോം ചാക്കോയും സമാന അസുഖബാധിതനാണെന്ന് വ്യക്തമാക്കുന്നത്.