ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!
വളർത്തുമൃഗങ്ങളോടുള്ള സ്നേഹംകൊണ്ട് അവയെ വാങ്ങിക്കുവാൻ ലക്ഷങ്ങൾ വരെ മുടക്കാൻ തയ്യാറായിട്ടുള്ള ആളുകളാണ് നമ്മളിൽ പലരും. എന്നാൽ ലക്ഷങ്ങളും കോടികളും മുടക്കി ഒരു വണ്ടിനെ വാങ്ങിക്കാൻ ആരേലും തയ്യാറാകുമോ എന്ന് ചോദിച്ചാൽ നമ്മൾ എന്തു മറുപടി പറയും. എന്നാൽ സംശയിക്കേണ്ട. ലോക വിപണിയിൽ കുറഞ്ഞത് 75 ലക്ഷം രൂപ വരെ വിലയുള്ള ഈ വണ്ടിനെ വാങ്ങിക്കുവാനും ആളുകളുണ്ട്. ‘സ്റ്റാഗ് ബീറ്റിൽ’ എന്ന് അറിയപ്പെടുന്ന ഈ വണ്ട് അത്ര നിസ്സാരക്കാരനല്ല. ലോകത്തിൽ വെച്ച് ഏറ്റവും വിലകൂടിയ പ്രാണിയും ഇവ തന്നെ.
എന്തുകൊണ്ടാണ് ഇവയ്ക്ക് ഇത്ര വില? പല കാരണങ്ങൾ ഉണ്ട് ഇതിനുപിന്നിൽ. ഒന്ന് ഈ വണ്ടുകൾ വളരെ അപൂർവ്വമായതുകൊണ്ടാണ്. രണ്ട് ഇവയെ കൈവശം വെച്ചാൽ ഒന്ന് ഇരുട്ടി വെളുക്കുമ്പോഴേക്കും ലക്ഷപ്രഭു ആകാമെന്നുള്ള അന്ധവിശ്വാസം മൂലവും. ചിലയിടങ്ങളിൽ തദ്ദേശീയ ചികിത്സാരീതികളിലും ഇവയെ പ്രയോജനപ്പെടുത്താറുണ്ട്.
ഇവയുടെ കൊമ്പ് പോലെ പുറത്തേക്ക് വളർന്നിരിക്കുന്ന മാൻഡിബിൾ വായ്ഭാഗം ആൺകലമാനകളുടെ കൊമ്പുകളെ അനുസ്മരിപ്പിക്കുന്നവയാണ്. അതുകൊണ്ടാണ് ഇവയ്ക്ക് ‘സ്റ്റാഗ് ബീറ്റിൽ’ എന്ന് പേര് വന്നത്. ഇവ പൊതുവേ ചൂടുള്ള പ്രദേശങ്ങളിലാണ് ജീവിക്കുക. പ്രധാനമായും ഇവയെ കാടുകളിലും അപൂർവമായി പൂന്തോട്ടങ്ങളിലുമൊക്കെ കാണാൻ സാധിക്കും. ഇവ ലാർവയായിരിക്കുന്ന സമയത്താണ് ഭക്ഷണത്തിലൂടെ വലിയ അളവിൽ അവർക്ക് ജീവിതകാലം ഉടനീളം ഉപയോഗിക്കാൻ തക്കവണ്ണത്തിൽ ഊർജ്ജം സംഭരിക്കുന്നത്. ആ സമയത്ത് മണ്ണിനടിയിലെ ജീർണിച്ച മരത്തടികളാണ് ഇവ ഭക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇവയെ കൊണ്ട് സസ്യങ്ങൾക്കോ മരങ്ങൾക്കോ യാതൊരുവിധ പ്രശ്നവും ഉണ്ടാകുന്നതല്ല. ഏകദേശം 3 വർഷം തൊട്ട് 7 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം പറയുന്നതനുസരിച്ച് ഇവയ്ക്ക് 2 ഗ്രാം മുതൽ 6 ഗ്രാം വരെയാണ് ഭാരം. ഏകദേശം 1200 സ്പീഷിസുകൾ അടങ്ങുന്ന ‘ലുക്കാനിഡേ’ എന്ന വണ്ടുകളുടെ കുടുംബത്തിലെ ഒരിനമാണ് ഇവ.