കൊച്ചി: ക്രിസ്മസ് ന്യൂഇയർ അവധിക്കാലത്ത് കേരളത്തിലേക്കുള്ള യാത്രാ തിരക്ക് പരിഗണിച്ച് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നിലവിലെ ട്രെയിനുകളിൽ സീറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ അധിക ട്രെയിനുകൾ വേണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെ (ഡിസംബർ 25 ബുധനാഴ്ച) എട്ട് മണിയ്ക്ക് ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. 04082 ഹസ്രത് നിസാമുദ്ദീൻ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 28ന് രാത്രി 07:20നാണ് സർവീസ് ആരംഭിക്കുക. മൂന്നാംദിനം രാത്രി 07:45ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.
ഡിസംബർ 30ന് രാവിലെ 08:18ന് കാസർകോട് എത്തുന്ന ട്രെയിൻ 09:22 കണ്ണൂർ, 10:37 കോഴിക്കോട്, 12:25 ഷൊർണൂർ, 01:10 തൃശൂർ, 02:13 ആലുവ, 02:40 എറണാകുളം, 04:07 കോട്ടയം, 04:38 തിരുവല്ല, 04:50 ചെങ്ങന്നൂർ, 05:13 കായംകുളം, 06:02 കൊല്ലം, 06:28 വർക്കല ശിവഗിരി സ്റ്റേഷനുകൾ കടന്ന് 07:45ന് തിരുവനന്തപുരത്തെത്തും.
ഡിസംബർ 31നാണ് 04081 തിരുവനന്തപുരം സെൻട്രൽ – ഹസ്രത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിന്‍റെ മടക്കയാത്ര. ചൊവ്വാഴ്ച രാവിലെ 07:50ന് പുറപ്പെടുന്ന ട്രെയിൻ മൂന്നാംദിനം രാവിലെ 06:45ന് ഹസ്രത് നിസാമുദ്ദീനിൽ എത്തിച്ചേരും. വർക്കല ശിവഗിരി 08:36, കൊല്ലം 09:00, കായംകുളം 09:33, ചെങ്ങന്നൂർ 09:55, തിരുവല്ല 10:06, കോട്ടയം 10:32, എറണാകുളം 11:40, ആലുവ 12:05, തൃശൂർ 12:57, ഷൊർണൂർ 02:10, കോഴിക്കോട് 03:32, കണ്ണൂർ 04:37, കാസർകോട് 05:44 എന്നിങ്ങനെയാണ് കേരളത്തിലെ സ്റ്റേഷനുകളിൽ എത്തുന്ന സമയം.
അഞ്ച് എസി ടു ടയർ കോച്ചുകൾ, 10 എസി ത്രീ ടയർ കോച്ചുകൾ, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു ഭിന്നശേഷി സൗഹൃദ കോച്ച് എന്നിവയാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. റെയിൽവേ മന്ത്രിയോ ഡൽഹിയിൽ നിന്ന് പുതിയ ട്രെയിൻ വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
ഡൽഹിയിൽ ജോലി നോക്കുന്നതും താമസമാക്കിയിട്ടുള്ളതുമായ മലയാളികളുടെ ആവശ്യപ്രകാരം നിലവിൽ സീറ്റുകൾ ലഭ്യമല്ലാത്തതിനാൽ അധികമായി ഒരു ട്രെയിൻ കൂടി അനുവദിക്കണമെന്ന് റെയിൽവേ മന്ത്രിയോട് നേരത്തെ തന്നെ അഭ്യർഥിച്ചിരുന്നു. ഡിസംബർ 28ന് ഡൽഹിയിൽ നിന്നും യാത്ര തിരിച്ച് ഡിസംബർ 31ന് തിരുവനന്തപുരത്തുനിന്ന് തിരിച്ചു പോകുന്ന തരത്തിൽ നിസാമുദ്ദീൻ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ ഞാൻ നടത്തിയ അഭ്യർത്ഥനപ്രകാരം അനുവദിച്ചതായി ഉള്ള വിവരം ലഭിച്ചു. സൂപ്പർഫാസ്റ്റ് ആയതിനാൽ സ്റ്റോപ്പുകൾ കുറവാണ്. കോട്ടയം വഴി പോകുന്ന നിസാമുദ്ദീൻ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് ഇല്ലാത്തതിനാൽ അനുവദിക്കുന്ന സ്പെഷ്യൽ ട്രെയിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് നൽകണമെന്ന് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.’ കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.