സൂര്യ വിട്ടത് ഒന്നൊന്നര പടമോ?
എസ്.കെ 25 ഒരുങ്ങുന്നത് ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ
സുധ കൊങ്കര നേരത്തെ സൂര്യ, ദുൽഖർ സൽമാൻ എന്നിവരെ വെച്ച് പ്രഖ്യാപിച്ച ‘പുറനാനൂറ്’ എന്ന ചിത്രമാണ് എസ്കെ 25 എന്നും റിപ്പോർട്ടുകളുണ്ട്
സുധ കൊങ്കര സംവിധാനം ചെയ്യുന്ന ശിവകാർത്തികേയൻ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കഴിഞ്ഞ ദിവസമാണ് നടന്നത്. എസ് കെ 25 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ബജറ്റ് സംബന്ധിച്ച് വമ്പൻ അപ്ഡേറ്റാണ് വന്നിരിക്കുന്നത്. 150 കോടി മുതൽ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമയായിരിക്കും ഇത് എന്നാണ് റിപ്പോർട്ട്.
സുധ കൊങ്കര നേരത്തെ സൂര്യ, ദുൽഖർ സൽമാൻ എന്നിവരെ വെച്ച് പ്രഖ്യാപിച്ച ‘പുറനാനൂറ്’ എന്ന ചിത്രമാണ് എസ്കെ 25 എന്നും റിപ്പോർട്ടുകളുണ്ട്. ജി വി പ്രകാശ് കുമാർ മുൻപ് ഒരഭിമുഖത്തിൽ ‘പുറനാനൂറ്’ ഉപേക്ഷിച്ചിട്ടില്ലെന്നും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നും പറഞ്ഞിരുന്നു. സിനിമയുടെ ബജറ്റ് സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ അതിഗംഭീരമായ സിനിമയാണോ സൂര്യ ഉപേക്ഷിച്ചത് എന്ന ചോദ്യമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.
ഒരു പിരിയഡ് ഡ്രാമയായിരിക്കും ഇത് എന്നും സൂചനകളുണ്ട്. ശിവകാർത്തികേയന് പുറമേ ജയം രവിയും, അഥർവയുമാണ് മറ്റു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയം രവി വില്ലനായാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. തെലുങ്കിലെ പുത്തൻ സെൻസേഷൻ ശ്രീലീലയാണ് സുധാ കൊങ്കര ചിത്രത്തിലെ നായിക. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് എസ്‌കെ 25 ന്റെ സംഗീതം.
എ ആർ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന എസ്കെ 23യാണ് ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഒരു ആക്ഷൻ ചിത്രമായി ഒരുങ്ങുന്ന സിനിമക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത്. എസ്കെ 23 ഒരു വിൻ്റേജ് എആർ മുരുഗദോസ് സ്റ്റൈലിലുള്ള ആക്ഷൻ ത്രില്ലറാണെന്നും, അദ്ദേഹത്തിന്റെ എലമെന്റ് എല്ലാം ഈ സിനിമയിൽ ഉണ്ടാകും എന്നും മുൻപ് ശിവകാർത്തികേയൻ പറഞ്ഞിരുന്നു. ഇത് ആദ്യമായാണ് എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ അഭിനയിക്കുന്നത്.