കോട്ടയം : തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെന്നു സംശയിക്കുന്ന അസം സ്വദേശി അമിതിനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും പ്രതി സംസ്ഥാനം വിട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിലെ ജീവനക്കാരനായിരുന്നു അമിത്. ഓഡിറ്റോറിയത്തിലെ ജോലിക്കൊപ്പം തിരുവാതുക്കലിലെ വിജയകുമാറിന്റെ വീട്ടിലും ചെറിയ ജോലികൾ ചെയ്തിരുന്നു.
2024 ൽ വിജയകുമാറിന്റെ മൊബൈൽ അമിത് മോഷ്ടിച്ച് ഓൺലൈൻ ബാങ്കിങ് വഴി പണം അപഹരിച്ച സംഭവത്തിൽ അമിതിനെതിരെ വിജയകുമാർ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട അമിതിനെ കോട്ടയം ജില്ലാ ജയിലിലേക്കു മാറ്റി. ഈ മാസമാണ് അമിത് ശിക്ഷ പൂർത്തിയാക്കി ജയിലിൽനിന്നു പുറത്തിറങ്ങിയത്. തുടർന്ന് തിരുവാതുക്കലിലെ വീട്ടിലെത്തി വിജയകുമാറിനെയും ഭാര്യ മീരയെയും ഭീഷണിപ്പെടുത്തിയതിനും ദമ്പതികൾക്കു നേരെ അമിത് വധഭീഷണി മുഴക്കുന്നതിനും അടുത്തുള്ള വീട്ടുകാർ ദൃക്സാക്ഷികളാണ്.
കൊലപാതകത്തിനു പിന്നാലെ പ്രതി വിജയകുമാറിന്റെയും മീരയുടെയും മൊബൈൽ ഫോണുകൾ മോഷ്ടിച്ചിട്ടുണ്ട്. എന്നാൽ മറ്റു പണമോ ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. പ്രതിക്ക് വേണ്ടി മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ ജയിലിലെ അമിതിന്റെ പരിചയക്കാരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുകയാണ്. അതിനിടെ ദമ്പതികളുടെ മരണത്തിൽ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം ഇന്നലെ തിരുവാതുക്കലിലെ വീട്ടിലെത്തി തെളിവെടുത്തു. വീടിനു സമീപത്തെ കിണർ വറ്റിച്ചു നോക്കിയെങ്കിലും പൊലീസിനു തെളിവൊന്നും ലഭിച്ചിരുന്നില്ല.