തൃശ്ശൂർ : വാഴക്കോട് പെട്രോള്‍ പമ്പില്‍ തീപ്പിടിത്തം. എച്ച്.പിയുടെ ഏജൻസിയിലുള്ള വാഴക്കോട് ഖാൻ പെട്രോള്‍ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്. തീ വളരെപ്പെട്ടെന്ന് അണയ്ക്കാൻ സാധിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.
പമ്പില്‍ നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളത്തില്‍ പെട്രോള്‍ കലർന്നിരുന്നു. ഒഴുകിയെത്തിയ ഈ വെള്ളം പമ്പിന് മുപ്പത് മീറ്റർ മാറിയുള്ള പച്ചക്കറി കടയുടെ മുന്നിലൂടെയാണ് ഒഴുകുന്നത്. ഈ കടയുടെ മുന്നില്‍ വെള്ളം ഒഴുകി ചെറിയ രീതിയില്‍ കുഴി രൂപപ്പെട്ട് കൂടുതല്‍ വെള്ളം കെട്ടിക്കിടന്നിരുന്നു. കടയില്‍ സാധനങ്ങള്‍ വാങ്ങാൻ വന്ന ആരോ സിഗരറ്റ് വലിച്ച് കുറ്റി വെള്ളത്തില്‍ എറിഞ്ഞതില്‍ നിന്നാണ് തീ പടർന്നതെന്നാണ് കരുതുന്നത്.
വെള്ളത്തിലെ പെട്രോളിന് തീ പിടിച്ച് പമ്പിലേക്ക് എത്തുകയായിരുന്നു. വളരെ പെട്ടെന്ന് തീ അണക്കാനായതിനാല്‍ വലിയ ദുരന്തം ഒഴിവായി. പമ്പില്‍ എത്തിയ ടാങ്കറിൻ്റെ ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയ സമയമായിരുന്നു തീപ്പിടിത്തം. എന്നാല്‍, ഒരു സ്വകാര്യ ബസ് ഡ്രൈവർ പെട്ടെന്ന് ടാങ്കർ പമ്പില്‍ നിന്ന് മാറ്റി ദുരന്തം ഒഴിവാക്കി. വാതക ഇന്ധന പമ്പും ഇവിടെയുണ്ട്. വാഴക്കോട് വലിയപറമ്പില്‍ നൗഷാദിൻ്റെ പച്ചക്കറിക്കടയിലെ പച്ചക്കറി തീ പിടിത്തത്തില്‍ നശിച്ചിട്ടുണ്ട്. പമ്പിലേക്ക് പടർന്ന തീ വാല്‍വുകള്‍ക്ക് മുകളിലൂടെയും വ്യാപിച്ചിരുന്നു. സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന തീ അണച്ചതിനാല്‍ പ്രധാനടാങ്കുകളിലേക്ക് പടരാതെ വലിയ ദുരന്തം ഒഴിവായി.