ഇടുക്കി :- പീരുമേട് പരുന്തുംപാറയിൽ യുവാക്കൾ സഞ്ചരിച്ച കാറിനു മുന്നിലേക്ക് കുതിച്ചു ചാടി കടുവ.
ഇന്നലെ പുലർച്ചെയാണ് വിനോദസഞ്ചാരികളുടെ കാറിന് മുമ്പിലൂടെ കടുവ റോഡ് മുറിച്ച് കടന്നത്. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. പ്രദേശത്ത് കുറച്ചുദിവസമായി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. യുവാക്കൾ കാറിൽ പോകുന്നതിനിടെ പെട്ടെന്ന് വലതു വശത്തുനിന്ന് കടുവ കാറിന്റെ മുന്നിലേക്ക് ചാടുകയായിരുന്നു. കാറിന് മുന്നിലൂടെ മുന്നോട്ട് നീങ്ങിയ കടുവ മറുവശത്തെ തോട്ടത്തിലേക്ക് കയറി
പോവുകയായിരുന്നു.
കടുവയെ പെട്ടെന്ന് കൺമുന്നിൽ കണ്ടതിന്റെ ഞെട്ടലിൽ കാറിലുണ്ടായിരുന്ന യുവാക്കൾ അലറി വിളിച്ചു. കടുവയുടെ വീഡിയോയും ഉടനെ യുവാക്കൾ എടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി കടുവയെ കണ്ടതിന്റെ ഞെട്ടലിലായിരുന്നു യുവാക്കൾ. യുവാക്കൾ കാറിനുള്ളിൽ നിന്ന് ഒച്ചവെച്ചതിനാലും ഹെഡ്ലൈറ്റിൻറെ വെട്ടം കണ്ടും കടുവ പെട്ടെന്ന് തന്നെ ഓടിമറയുകയായിരുന്നു.
യുവാക്കൾ കാറിനുള്ളിനായതിനാലാണ് വലിയ അപകടമൊഴിവായത്. പ്രദേശത്ത് കടുവയിറങ്ങിയതോടെ ബൈക്കിലോ മറ്റു ഇരുചക്രവാഹനങ്ങളിലോ സഞ്ചരിക്കുന്നവരും
കാൽനടയാത്രക്കാരും ഭീതിയിലാണ്. ഉടൻതന്നെ ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് പ്രദേശവാസികൾ പറയുന്നു.