ടെക്സാസ്: കോപ്പ അമേരിക്കയിൽ സമനിലക്കളി. ഗ്രൂപ്പ് എ യിലെ ചിലിയും പെറുവും തമ്മിലുള്ള മത്സരമാണ് ഗോൾരഹിത സമനിലയിൽ കലാശിച്ചത്. മൈതാനത്ത് മുൻ ചാമ്പ്യൻമാരായ രണ്ടുടീമുകൾക്കും കാര്യമായ മുന്നേറ്റം കാഴ്ചവെക്കാനായില്ല. സമനിലയായതോടെ ഓരോ പോയന്റ് വീതം നേടിക്കൊണ്ട് ടീമുകൾ മടങ്ങി.
മത്സരത്തിൽ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കുമായില്ല. എഡ്വാർഡോ വർഗാസും അലക്സിസ് സാഞ്ചേസും അടങ്ങുന്ന ചിലിയൻ മുന്നേറ്റനിരയ്ക്ക് പെറുവിന്റെ പ്രതിരോധക്കോട്ട പിളർത്താൻ സാധിക്കാതെ വന്നു. ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. പന്തടക്കത്തിൽ ചിലിയാണ് മുന്നിട്ടുനിന്നത്. എന്നാൽ പെറുവിന്റെ ബോക്സിലേക്ക് പന്തെത്തിക്കാനും അവസരം സൃഷ്ടിച്ച് ഗോൾ കണ്ടെത്താനുമായില്ല. കിട്ടിയ അവസരങ്ങളിൽ പെറുവും മുന്നേറ്റങ്ങൾ നടത്തി. ഇരുടീമുകൾക്കും ഗോൾ വല കുലുക്കാനാവാതെ വന്നതോടെ ടീമുകൾ ഓരോ പോയന്റ് വീതം പങ്കിട്ട് മടങ്ങി.