ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനംചെയ്ത ചിത്രം ‘മരണമാസ് റിലീസ് ചെയ്ത ശേഷമുള്ള പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ടൊവിനോ. സൗദിയിലെ പ്രദർശനവിലക്കിലും കുവൈത്തിലെ സെൻസറിങ്ങിലും പ്രതികരണവുമായി നിർമാതാവ് ടൊവിനോ തോമസ്. ഇരുരാജ്യങ്ങളിലും ചിത്രത്തിനുണ്ടായ നിയന്ത്രണം ആ രാജ്യങ്ങളിലെ നിയമപ്രകാരമുള്ളതാണെന്ന് ടൊവിനോ പറഞ്ഞു.
കുവൈറ്റിൽ സിനിമയിലെ ആദ്യപകുതിയിലേയും രണ്ടാംപകുതിയിലേയും ചില രംഗങ്ങൾ നീക്കംചെയ്യേണ്ടിവന്നിട്ടുണ്ടെന്ന് റിലീസിന് മുന്നോടിയായി അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരുന്നു. ചിത്രത്തിന് സൗദിയിൽ സമ്പൂർണ്ണ പ്രദർശനവിലക്കാണ്. ട്രാൻസ്ജെൻഡർ ആയ വ്യക്തി താരനിരയിൽ ഉള്ളതുകൊണ്ടാണ് പ്രദർശന നിയന്ത്രണം എന്നായിരുന്നു റിപ്പോർട്ടുകൾ.
‘കുവൈറ്റിൽ കുറച്ച് ഷോട്ടുകൾ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ട്. സൗദിയിൽ സിനിമ പ്രദർശിപ്പിക്കാൻ പറ്റില്ല എന്ന് പറഞ്ഞു. അത് ഓരോ രാജ്യങ്ങളുടെ… നമ്മുടെ രാജ്യമൊക്കെയാണെങ്കിൽ വേണമെങ്കിൽ ചോദ്യംചെയ്യാം, അതിന് വേണ്ടി ഫൈറ്റ് ചെയ്യാം. മറ്റ് രാജ്യങ്ങളിൽ നിയമംവേറെയാണ്. തത്കാലം ഒന്നുംചെയ്യാൻ പറ്റാത്ത അവസ്ഥയാണ്’, എന്നായിരുന്നു ടൊവിനോയുടെ വാക്കുകൾ.
അത് കാര്യമാക്കേണ്ടതില്ല. വേറെ ഒരുപാട് സ്ഥലങ്ങളിൽ റിലീസ് ചെയ്യാൻ കഴിഞ്ഞു. ഇത് പ്രശ്നമല്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്, അവിടെയൊക്കെ നന്നായി ആളുകൾ ചിത്രത്തെ സ്വീകരിച്ചുകഴിഞ്ഞു. അവർക്ക് അതിൽ യാതൊരു പ്രശ്നവും തോന്നുന്നില്ല. ഓരോ രാജ്യങ്ങളുടെ നിയമമാണ്’, ടൊവിനോ വ്യക്തമാക്കി.
സൗദിയപ്പറ്റി നമുക്ക് എല്ലാർവർക്കും അറിയാം. ഞാൻ 2019-ൽ പോയപ്പോൾ കണ്ട സൗദിയല്ല 2023-ൽ പോയപ്പോൾ കണ്ടത്. അതിന്റേതായ സമയം കൊടുക്കൂ, അവർ അവരുടേതായ ഭേദഗതികൾ വരുത്തുന്നുണ്ട്. 2019-ൽ ഇന്ത്യ ഉണ്ടായിരുന്നതിനേക്കാൾ പ്രോഗ്രസീവായാണോ, റിഗ്രസീവായിട്ടാണോ മാറിയിരിക്കുന്നത് എന്ന് ചോദിച്ചാൽ അത് വലിയ ചോദ്യമാണ്. കഴിഞ്ഞ അഞ്ചാറുവർഷംകൊണ്ട് പുരോഗതിയാണോ അധോഗതിയാണോ ഉണ്ടാക്കിയിരിക്കുന്നത് എന്നതിൽ എനിക്ക് സംശയമുണ്ട്’, ടൊവിനോ കൂട്ടിച്ചേർത്തു. വ്യക്തിപരമായ അഭിപ്രായം എന്താണെന്ന ചോദ്യത്തോട്, തനിക്ക് സംശയമുണ്ട് എന്ന നിലപാട് ടൊവിനോ ആവർത്തിച്ചു.