ന്യൂഡല്‍ഹി: റദ്ദാക്കിയ UGC – NET 2024 പരീക്ഷയുടെ പുതിയ തീയതികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (NTA) പ്രഖ്യാപിച്ചു. 2024 ഓഗസ്റ്റ് 21 നും സെപ്റ്റംബര്‍ 4 നും ഇടയില്‍ പരീക്ഷ വീണ്ടും നടത്തുമെന്നാണ് NTA വെള്ളിയാഴ്ച പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അറിയിക്കുന്നത്. 2024 ജൂണിൽ ഓഫ്‌ലൈൻ ആയി നടത്തിയ പരീക്ഷ പുതുക്കിയ തീയതികളിൽ കമ്പ്യൂട്ടര്‍ ബേസ്‌ഡ് ടെസ്റ്റ് (CBT) ആയിട്ടായിരിക്കും നടത്തുക
CSIR – NET പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും NCET പരീക്ഷ ജൂലൈ 10 നും കമ്പ്യൂട്ടര്‍ ബേസ്‌ഡ് ടെസ്റ്റ് (CBT) ആയി നടത്തും. എന്നാൽ ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് 2024 പരീക്ഷ തീയതിയിൽ മാറ്റമില്ല. ഇത് നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ ജൂലൈ 6 ന് തന്നെ നടക്കും.
.
ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്. പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേദിവസമായിരുന്നു ഇത് റദ്ദാക്കിയതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോകള്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, പിഎച്ച്ഡി സ്‌കോളര്‍മാര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള UGC – NET പരീക്ഷ ജൂണ്‍ 18-നാണ് NTA നടത്തിയത്. 317 നഗരങ്ങളിലെ 1205 കേന്ദ്രങ്ങളിലായി 11 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ ആണ് പരീക്ഷ എഴുതിയത്. എന്നാല്‍, ചോദ്യപേപ്പര്‍ ഡാര്‍ക്ക്‌നെറ്റിലൂടെ ചോര്‍ന്നു എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞതോടെ പരീക്ഷ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കേസ് സി ബി ഐ അന്വേഷണത്തിന് വിട്ടിരിക്കുകയാണ്. സിബിഐ അന്വേഷണത്തിന് ശേഷം, ഡാര്‍ക്ക്‌നെറ്റിലും മറ്റ് എന്‍ക്രിപ്റ്റ് ചെയ്ത സോഷ്യല്‍ മീഡിയ ചാനലുകളിലൂടെയും പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ജൂണ്‍ 16 ന് പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയിരുന്നു.
അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, ഇന്ത്യന്‍ സര്‍വ്വകലാശാലയിലെ പിഎച്ച്ഡി പ്രോഗ്രാമുകളില്‍ ചേരല്‍ എന്നിവയ്ക്കുള്ള യോഗ്യത തീരുമാനിക്കുന്നതിനായി വര്‍ഷത്തില്‍ രണ്ട് തവണയാണ് UGC – NET പരീക്ഷ നടത്തുന്നത്. ജൂണ്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇത് പൊതുവെ നടത്താറുള്ളത്.