തിരുവനന്തപുരം : 2018, 2019, 2021 വർഷങ്ങളില്‍ കേരളത്തിലുണ്ടായ വിനാശകരമായ പ്രളയങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യത വർധിച്ചതായി വിവിധ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്നതായിട്ടാണ് അമേരിക്കയിലെ മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുമായി ചേർന്ന് കൊച്ചിയിലെ ഫിഷറീസ് സര്‍വകലശാല (കുഫോസ്) ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് (എഐ) സഹായത്തോടെ നടത്തിയ പഠനത്തിലെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.
1990 മുതല്‍ 2020 വരെയുള്ള മണ്ണിടിച്ചിലുകളുമായി ബന്ധപ്പെട്ട പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. 2018 ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത 3.46 % വർധിപ്പിച്ചെന്നു റിപ്പോർട്ടില്‍ പറയുന്നു. അതിതീവ്ര മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ നിന്ന് 3575 സാമ്പിളുകള്‍ ശേഖരിച്ച് AIയുടെ സഹായത്തോടെ വിശകലനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൃഷ്ടിച്ച ഡാറ്റയില്‍ നിന്നാണ് മണ്ണിടിച്ചില്‍ സാധ്യതാ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്.
ഉത്തരാഖണ്ഡ്, കേരളം, ജമ്മു കശ്മീർ, മിസോറാം, ത്രിപുര, നാഗാലാൻഡ്, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് 1998-2022 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ റിപ്പോർട്ട് ചെയ്തെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) പ്രസിദ്ധീകരിച്ച കണക്കു വ്യക്തമാക്കുന്നു. 1998-2022 കാലഘട്ടത്തില്‍ ഹിമാലയത്തിലും പശ്ചിമഘട്ടത്തിലും ഉണ്ടായ ദുരന്തങ്ങളെ അടിസ്ഥാനമാക്കിയാണ് ഐഎസ്‌ആർഒയുടെ ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെൻസിംഗ് സെന്റർ (എൻആർഎസ്സി) രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ ഡാറ്റാബേസ് വികസിപ്പിച്ചെടുത്തത്.
ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ജില്ലകളുടെ പട്ടികയില്‍ അരുണാചല്‍ പ്രദേശ് (16), കേരളം,ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ (13 വീതം), ഹിമാചല്‍ പ്രദേശ്, അസം, മഹാരാഷ്ട്ര (11 വീതം), മിസോറാം (8), നാഗാലാൻഡ് (7) എന്നിങ്ങനെയാണ് കണക്ക്. കേരളത്തില്‍ ആലപ്പുഴ ഒഴികെ മറ്റെല്ലാ ജില്ലകളും പട്ടിയില്‍ ഇടം പിടിച്ചിട്ടുണ്ട്. 2018ല്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന് ശേഷം കേരളത്തിലും തുടർച്ചയായി വൻതോതിലുള്ള മണ്ണിടിച്ചില്‍ ഉണ്ടാകാറുണ്ട് എന്ന് റിപ്പോർട്ടില്‍ പറയുന്നു. 2018 (5,191), 2019 (756), 2020 (9), 2021 (29) എന്നിങ്ങനെയാണ് ആ കണക്കുകള്‍.
കേരളത്തിലെ നാല് ജില്ലകള്‍ ഉരുള്‍പൊട്ടല്‍ സാധ്യത പട്ടികയുടെ ആദ്യപത്ത് സ്ഥാനങ്ങളിലുണ്ട്. തൃശ്ശൂർ (3), മലപ്പുറം(7), പാലക്കാട് (5), കോഴിക്കോട് (10) എന്നിവയാണത്. കഴിഞ്ഞ ദിവസം ദുരന്തമുണ്ടായ വയനാട് ഉള്‍പ്പെടെ കേരളത്തിലെ ഏഴ് ജില്ലകളാണ് ആദ്യ ഇരുപത് സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. വയനാട് (13), എറണാകുളം (15), ഇടുക്കി (18), കോട്ടയം (23), കണ്ണൂർ (26), തിരുവനന്തപുരം (28) എന്നീ ജില്ലകളാണ് ആദ്യ മുപ്പത് സ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടത്. ഹിമാലയവുമായി താരതമ്യം ചെയ്യുമ്പോള്‍ പശ്ചിമഘട്ടത്തില്‍, ഉരുള്‍പൊട്ടല്‍ സാധ്യത കുറവാണെങ്കിലും കേരളത്തില്‍ നിരവധി പേരുടെ ജീവൻ ഉരുള്‍പൊട്ടല്‍ മൂലം നഷ്ടപ്പെടുന്നതായും റിപ്പോർട്ടിലുണ്ട്.
വനനശീകരണം, മറ്റ് പരിസ്ഥിതി ആഘാതങ്ങള്‍, മണ്ണിൻ്റെ ശിഥിലീകരണം എന്നിവയ്ക്കൊപ്പം തുടർച്ചയായി പെയ്യുന്ന മഴയാണ് (മഴയുടെ തീവ്രത) ഉരുള്‍പൊട്ടല്‍ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായി വിദഗ്ധർ പറയുന്നത്. കാലവർഷം ശക്തമാകുന്ന സമയത്താണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടലുകളില്‍ അധികവും റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 30 വർഷമായി, ജൂണ്‍, ജൂലൈ മാസങ്ങളില്‍ കേരളത്തില്‍ മഴ കുറയുന്നതായും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളില്‍ മഴ വർധിക്കുന്ന പ്രവണതയുമാണ് കണ്ടുവരുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പഠനങ്ങള്‍ പറയുന്നു. 2018 ഓഗസ്റ്റിലെ മഴക്കാലത്ത് കേരളത്തിലെ 10 ജില്ലകളിലായി 341 ഉരുള്‍പൊട്ടലുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പിന്നീട് 2019 മുതല്‍ എല്ലാ വർഷവും ചെറുതും വലുതുമായ ഉരുള്‍പൊട്ടലുകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായി. ഇതില്‍ പുത്തുമല, കവളപ്പാറ, പെട്ടിമുടി, കൂട്ടിക്കല്‍, കൊക്കയാർ,മുണ്ടക്കൈ തുടങ്ങിയവ കേരളത്തിനെ നടുക്കിയ ദുരന്തങ്ങളായി മാറുകയായിരുന്നു. വിദഗ്ത നിർദ്ദേശങ്ങൾ അവഗണിക്കാതിരിക്കുകയും, ഭൂമിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം വരാതെയും ഇരിക്കാൻ ശ്രദ്ധിക്കുക.