അടുത്ത കേരള സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ് മത്സര ഇനമാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വൽ പരിഷ്കരിക്കാൻ തത്വത്തിൽ തീരുമാനമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഈ മാസം 28-ന് ഉത്തരാഖണ്ഡിൽ ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കണെന്നും ഇക്കാര്യത്തിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ്റെ നടപടി പ്രതിഷേധാർഹമാണെന്നും അസോസിയേഷൻ അധ്യക്ഷ മലയാളിയായ പി.ടി. ഉഷ ഇക്കാര്യത്തിൽ ഒളിച്ചു കളിക്കുകയാണെന്നും മന്ത്രി വിമർശിച്ചു.
അന്താരാഷ്ട്ര തലത്തിൽ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റ്. അടുത്തവർഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ കളരിപ്പയറ്റ് അണ്ടർ 14,17,19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സര ഇനമായി ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നതെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.