വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് നടത്തി അഞ്ചു ദിവസത്തില്‍ കുറയാത്ത ശമ്പളം നിർബന്ധപൂർവം പിടിച്ചെടുക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ പ്രതിപക്ഷ സർവീസ് സംഘടനകള്‍ രംഗത്തെത്തി. കഴിവിനൊത്തുള്ള ശമ്പളം സംഭാവനയായി നല്‍കാൻ ജീവനക്കാർക്ക് അവസരം നല്‍കണമെന്നാണു പ്രതിപക്ഷ സർവീസ് സംഘടനകളുടെ ആവശ്യം. ശമ്പളത്തില്‍നിന്ന് ജീവനക്കാരന്‍റെ സമ്മതപ്രകാരമുള്ള തുക സംഭാവനയായി സ്വീകരിക്കണമെന്നും ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് (സെറ്റോ) സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
നിശ്ചിത തുക സംഭാവന നല്‍കാനുള്ള ഓപ്ഷൻ ശമ്പള സോഫ്ട്‌വെയറില്‍ ഉള്‍പ്പെടുത്തണം. ഇതില്‍ മുഴുവൻ ജീവനക്കാരെയും അധ്യാപകരെയും പങ്കാളികളാക്കാൻ സർക്കാർ ശ്രമിക്കണമെന്നും സെറ്റോ ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരുടെ അഞ്ചു ദിവസത്തില്‍ കുറഞ്ഞ ശമ്പളം സ്വീകരിക്കില്ലെന്ന സർക്കാർ പിടിവാശി ഉപേക്ഷിക്കണമെന്ന് ഫെറ്റോ (ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ) ആവശ്യപ്പെട്ടു. വയനാട് ദുരിതാശ്വാസനിധിയിലേക്ക് ജീവനക്കാരും അധ്യാപകരും സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥനയെ ഫെറ്റോ മാനിക്കുന്നു.
എന്നാല്‍ ശമ്പളം നല്‍കുന്നവരില്‍നിന്ന് അഞ്ച് ദിവസത്തില്‍ കുറഞ്ഞ ശമ്പളം സ്വീകരിക്കില്ലെന്ന സർക്കാർ ഉത്തരവ് അംഗീകരിക്കില്ല. ഇതു സർവീസ് സംഘടനകളുടെ യോഗത്തിലുണ്ടായ ധാരണയ്ക്കു വിരുദ്ധമാണെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നിവേദനം നല്‍കാനും ഫെറ്റോ തീരുമാനിച്ചു. അഞ്ചു ദിവസത്തെ ശമ്പളം നല്‍കാൻ പുറപ്പെടുവിച്ച മാർഗനിർദേശങ്ങള്‍ ഫലത്തില്‍ നിർബന്ധിതമായി ശമ്പളം പിടിച്ചെടുക്കുന്നതിനുള്ള വ്യവസ്ഥകളായി മാറിയെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സില്‍ കണ്‍വീനർ എം.എസ്. ഇർഷാദ് അഭിപ്രായപ്പെട്ടു.