കൊച്ചി :- ജാമ്യഹർജി തള്ളിയ ഉത്തരവ് കേട്ട ബോബി ചെമ്മണ്ണൂർ കോടതിയിൽ കുഴഞ്ഞുവീണു. ഹണി റോസിന്റെ പരാതിയിലെടുത്ത കേസിൽ ജാമ്യഹർജി തള്ളിയതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂർ കുഴഞ്ഞുവീണത്. ബോബിയെ 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്.
ജഡ്ജി ഉത്തരവ് വായിച്ച് കഴിഞ്ഞതോടെ ബോബി ചെമ്മണൂർ ബെഞ്ചിലേയ്ക്ക് ഇരിക്കുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. ബോബിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയേക്കും.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയാണ് ബോബിയുടെ ജാമ്യഹർജി തള്ളിയത്. 12.30-ഓടെയാണ് ബോബിയെ കോടതിയിൽ ഹാജരാക്കിയത്. രണ്ടുമണിയോടെ വാദം തീർന്നു. ഏതാണ്ട് മൂന്നുമണിക്കൂറോളം ബോബി കോടതിക്കുള്ളിൽ തന്നെയായിരുന്നു. വാദം അവസാനിച്ചപ്പോൾ ബോബിയെ കോടതിക്ക് പുറത്തേക്ക് കൊണ്ടുപോകേണ്ടെന്ന് പോലീസിനോട് നിർദേശിച്ചിരുന്നു.
ജാമ്യ ഉത്തരവ് വായിക്കുമ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുകയായിരുന്ന ബോബി, റിമാൻഡ് ചെയ്യുകയാണെന്ന ഭാഗം വായിച്ചുതുടങ്ങിയപ്പോഴാണ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയത്. രക്തസമ്മർദം ഉയർന്നതിനെത്തുടർന്നാണ് കുഴഞ്ഞുവീണതെന്നാണ് വിവരം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ബോബി ചെമ്മണ്ണൂരിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും.