മംഗളൂരു :- കർണാടകയിൽ പുത്തൂരിനു സമീപം ഈശ്വരമംഗലത്ത് കർണാടക പൊലീസ് അനധികൃതമായി കന്നുകാലികളെ കടത്തിയ മലയാളിയെ വെടിവച്ചു വീഴ്ത്തി . കാസർകോട് സ്വദേശി അബ്ദുല്ല (40) ക്ക് ആണ് വെടിയേറ്റത്.
കന്നുകാലികളുമായി മിനിട്രക്കിൽ വന്ന അബ്ദുല്ലയോട് വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ നിർത്താതെ ഓടിച്ചുപോകുകയായിരുന്നു. പത്തു കിലോമീറ്ററോളം പിന്തുടർന്ന പോലീസിന്റെ വാഹനത്തിൽ മിനി ട്രക്ക് ഇടിക്കുകയും ചെയ്തു. തുടർന്ന് പോലീസ് രണ്ട് റൗണ്ട് വെടിവച്ചു. ഇതിനിടെയാണ് അബ്ദുല്ലയുടെ കാലിൽ വെടിയേറ്റു.
അബ്ദുല്ലയുടെ ഒപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി സംഭവസ്ഥലത്തുനിന്നു രക്ഷപെട്ടു. പരുക്കേറ്റ അബ്ദുല്ലയെ മംഗളൂരുവിലെ ആശുപത്രിയിലേക്കു പ്രവേശിപ്പിച്ചു. ബെല്ലാരെ പൊലീസ് സ്റ്റേഷനിൽ അബ്ദുല്ലയ്ക്കെതിരെ ഗോവധ നിയമപ്രകാരം മുമ്പ് ഒരു കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്




