തിരുവനന്തപുരം :- വിപണി വിലയേക്കാൾ ഒരു രൂപ കുറവിൽ കെഎസ്ആർടിസി യാത്രക്കാർക്ക് കുപ്പിവെള്ളം ഇനി ബസിനുള്ളിൽ ലഭിക്കും. കുപ്പിവെള്ളം വാങ്ങാൻ യാത്രാ ഇടവേളകളിൽ കടകൾ തേടി യാത്രക്കാർ അലയുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പരിഷ്കാരം. കുപ്പിവെള്ളം മൊത്തമായി വിതരണം ചെയ്യാൻ കമ്പനികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു.
ഉൽപാദകരിൽ നിന്ന് വാങ്ങുന്ന കുപ്പിവെള്ളം കെഎസ്ആർടിസിയുടെ ലേബലിലാണ് വിതരണം ചെയ്യുക. ഒരു കുപ്പിവെള്ളം വിൽക്കുമ്പോൾ രണ്ടു രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും നൽകും. കുപ്പിവെള്ളം സൂക്ഷിക്കാൻ ഡ്രൈവർ ക്യാബിനോട് ചേർന്ന് പ്രത്യേക സംവിധാനമൊരുക്കും. ഡ്രൈവർ ഉപയോഗിക്കുന്ന കുപ്പിവെള്ളം സൂക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്കു പോയ ഫാസ്റ്റ് പാസഞ്ചർ ബസിന്റെ മുൻഭാഗത്ത് 2 പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം വച്ചിരുന്നതിന്റെ പേരിൽ മാസങ്ങൾക്ക് മുമ്പ് ഡ്രൈവറെ സ്ഥലംമാറ്റിയിരുന്നു. മരങ്ങാട്ടുപിള്ളി സ്വദേശി ജയ്മോനെ പാലാ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശൂർ പുതുക്കാട് ഡിപ്പോയിലേക്കാണ് മാറ്റിയത്. ഇതിനെതിരെ ജീവനക്കാർ കോടതിയെ സമീപിക്കുകയും ബസിന്റെ മുൻവശത്ത് വെള്ളക്കുപ്പി സൂക്ഷിച്ചതിന്റെ പേരിൽ സ്ഥലംമാറ്റുന്നത് ഉചിതമായ നടപടിയാണോയെന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തിരുന്നു.



