തിരുവനന്തപുരം :- ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് തുടങ്ങിയ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ 10 ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്ക്കോ ആണ് സാധ്യത. നാളെ വയനാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും. എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെലോ അലർട്ടുമാണ്.
തെക്കു കിഴക്കൻ അറബിക്കടലിലാണ് തീവ്ര ന്യൂനമർദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുകിഴക്കൻ അറബിക്കടലിൽ കൂടി വടക്കു കിഴക്കൻ ദിശയിൽ നീങ്ങി മധ്യകിഴക്കൻ അറബിക്കടലിലേക്കു നീങ്ങാനാണ് സാധ്യത.
ഇതിനു പുറമേ തെക്കൻ ആൻഡമാൻ കടലിനും അതിനോടു ചേർന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും, ഇതു നാളെയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോടു ചേർന്ന കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിന്റെയും മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്.




