ഹരിപ്പാട് : അഞ്ചു മാസം ഗർഭിണിയായ പതിനേഴുകാരി കാമുകനെ അന്വേഷിച്ച് കാമുകന്റെ വീട്ടില്‍ എത്തി. പെൺകുട്ടിയുടെ വരവ് കണ്ട വീട്ടുകാർ ഹരിപ്പാട് പൊലീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. പിന്നാലെ യുവാവ് കസ്റ്റഡിയിലായി.
ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതോടെയാണ് ഹരിപ്പാട് താമല്ലാക്കലിലെ പെൺകുട്ടി 23കാരന്റെ വീട്ടില്‍ നേരിട്ട് എത്തിയത്. വീട്ടുകാർ വിളിച്ചത് അനുസരിച്ച് എത്തിയ പൊലീസ് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി പീഡന വിവരങ്ങള്‍ വെളിപ്പെടുത്തി.
2023ല്‍ സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി ആലപ്പുഴ ടൗണിലെ ഒരു ലോഡ്ജില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പിന്നീട് ബെംഗളൂരുവില്‍ പഠനത്തിന് പോയ സമയത്ത് താമസ സ്ഥലത്തെത്തി അവിടെ വെച്ചും പീഡിപ്പിച്ചെന്നും പെണ്‍കുട്ടി മൊഴി നല്കി. ഇതോടെ പോക്സോ, പട്ടിക ജാതി അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.




