അടിമാലി :- കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി ലക്ഷംവീട് കോളനി ഭാഗത്ത് രാത്രി മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേർ കുടുങ്ങിക്കിടക്കുകയാണ്. ബിജു, സന്ധ്യ എന്നിവരാണ് വീടിനുള്ളിൽ കുടുങ്ങി കിടക്കുന്നത്. ഇവരെ കാണാനാവുന്നുണ്ടെന്നും സന്ധ്യയുമായി സംസാരിച്ചെന്നും വാർഡ് മെമ്പർ അറിയിച്ചു. വീടിന്റെ ഹാളിൽ നിൽക്കുമ്പോഴാണ് മണ്ണിടിച്ചിലുണ്ടായത്.

50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. രാത്രി 10.45 നാണ് വൻ തോതിലുള്ള മണ്ണിടിച്ചിൽ ഉണ്ടായത്. ആറു വീടുകൾക്കു മുകളിലേക്ക് മണ്ണു പതിച്ചിട്ടുണ്ട്. ഇതിൽ രണ്ടു വീടുകൾ തകർന്നു. തുടർന്ന് പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി. പോലീസും അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. തകർന്ന വീടിന്റെ കോൺക്രീറ്റ് പാളികൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാറ്റി കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുവരികയാണ്. എൻഡിആർഎഫ് സംഘവും സ്‌ഥലത്തേക്കു തിരിച്ചു. രക്ഷിക്കാൻ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചിട്ടുണ്ട്.
വൈകിട്ടോടെ 22 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചതാണ് വൻ ദുരന്തം ഒഴിവാകാൻ കാരണമായത്. ദേശീയപാതയിലവൂടെ മൂന്നാറിലേക്കുള്ള ഗതാഗതം പൂർണമായും സ്‌തംഭിച്ചു. അപകട കാരണം അശാസ്ത്രിയ മണ്ണൊടുക്കലാണെന്നാണ് പ്രാധമിക വിലയിരുത്തൽ.




