പാലാ : മുത്തോലി പഞ്ചായത്തിലെ മരോട്ടിച്ചുവട്-ആറാട്ടുകടവ് റോഡ് ഒറ്റമഴയ്ക്കു വെള്ളത്തിൽ. മുത്തോലി ബ്രില്യന്റിന് എതിർവശം 5-ാം വാർഡിലെ റോഡിലാണു വെള്ളപ്പൊക്കം. മരോട്ടിച്ചുവട് ഭാഗത്ത് കനത്ത മഴയിൽ അരയ്ക്കൊപ്പം വെള്ളം എന്നതാണു സ്ഥിതി. ഇൗ പ്രദേശത്തെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള നൂറുകണക്കിനാളുകളാണു വെള്ളക്കെട്ട് മൂലം കഷ്ടപ്പെടുന്നത്. വൈദ്യുതക്കമ്പി മരങ്ങളിൽ തൊട്ടുനിൽക്കുന്നതിനാൽ വെള്ളത്തിൽ നിന്നു ഷോക്കേൽക്കാൻ പോലും സാധ്യതയുണ്ടെന്നു നാട്ടുകാർ പറയുന്നു.
മരോട്ടിച്ചുവട്-ആറാട്ടുകടവ് റോഡിലെ വെള്ളക്കെട്ടിനു പരിഹാരം കാണണമെന്നു നാട്ടുകാർ ഒട്ടേറെ തവണ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. മഴയുള്ള ദിവസങ്ങളിൽ ഇതുവഴി നടക്കാൻ പോലും പറ്റാത്ത ഗതികേടിലാണു പ്രദേശവാസികൾ.മരോട്ടിച്ചുവട് ഭാഗത്തെ വെള്ളപ്പൊക്കം ഒഴിവാക്കിയാൽ മുത്തോലി സ്റ്റേറ്റ് ബാങ്കിനു സമീപത്തുള്ള വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന യാത്രാക്ലേശം ഒഴിവാക്കി മേവട ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് ഇതുവഴി പാലാ ഭാഗത്തേക്കു പോകാൻ കഴിയുമായിരുന്നു. റോഡ് നിർമാണ ജോലികൾക്കായി ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപേ ചിലർ പഞ്ചായത്തിൽ പരാതി നൽകി ജോലികൾ തടസ്സപ്പെടുത്തി. ഇതുമൂലം റോഡ് വികസനം നിലച്ചിരിക്കുകയാണ്.