ഇടുക്കി: കോതമംഗലം – അടിമാലി ദേശിയ പാതയിൽ കാറ്റിലും മഴയിലും വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. കാർ യാത്രികനായ ഒരാൾ മരിച്ചു. രാജകുമാരി മുരിക്കുംതൊട്ടി സ്വദേശി ജോസഫ് ആണ് മരിച്ചത്. ഒരു ഗർഭിണി അടക്കം കൂടെയുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്. കോതമംഗലത്തിനടുത്ത് വില്ലാൻചിറയിലാണ് അപകടം നടന്നത്.
കാറിനും കെ എസ് ആർ ടി സി ബസിനും മുകളിലേക്കാണ് മരം വീണത്, മരത്തിന്റെ ശിഖരങ്ങളാണ് ബസ്സിനു പിൻഭാഗത്തേക്ക് വീണത്. മരത്തിൻറെ അടിഭാഗം പതിച്ചതിനെ തുടർന്ന് കാർ പൂർണമായും തകർന്നു. നിരവധി വാഹനങ്ങൾ വഴിയിൽ ഉണ്ടായിരുന്നു. മറ്റു വാഹനങ്ങളിൽ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം വേഗത്തിലാക്കി.