വയനാട് : മുണ്ടക്കൈയിലേക്കുള്ള പ്രവേശന മാര്‍ഗമായ ഏക പാലം ഉരുള്‍പൊട്ടലില്‍ തകര്‍ന്നിരുന്നു. സൈന്യം നിര്‍മ്മിച്ച താത്കാലിക പാലത്തിലൂടെയും വടം കെട്ടിയുമാണ് ഇതുവരെ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയതും കുടുങ്ങിക്കിടന്നവരെ പുറത്തേക്കെത്തിച്ചതും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രസംവിധാനങ്ങള്‍ പുഴയിലൂടെ ഇറക്കിയാണ് ദുരന്തമേഖലയില്‍ എത്തിച്ചത്.
ഉരുള്‍ പൊട്ടലില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മണ്ണ് മാറ്റി പരിശോധിക്കേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ വലിയ വാഹനങ്ങളും യന്ത്രസാമഗ്രികളും ദുരന്തഭൂമിയേലേക്ക് എത്തിക്കണം. കൂടുതല്‍ യന്ത്രങ്ങള്‍ ചൂരല്‍മലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കെെയിലേക്ക് ബെയ്ലി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗം കൂടും.
24 ടണ്‍ ശേഷിയാണ് പാലത്തിനുള്ളത്. 190 അടി നീളവുമുണ്ട്. പുഴയില്‍ പ്ലാറ്റ്ഫോം നിര്‍മിച്ചാണ് പാലത്തിന്റെ തൂണ് സ്ഥാപിച്ചിരിക്കുന്നത്. ജെസിബിയും ഹിറ്റാച്ചിയും ആംബുലൻസുമെല്ലാം പോകാൻ ശേഷിയുള്ള കരുത്തുള്ള പാലമാണിത്. കണ്ണൂർ പ്രതിരോധ സുരക്ഷാസേനയിലെ ക്യാപ്റ്റൻ പുരൻ സിംഗ് ആണ് നിർമ്മാണ പ്രവർത്തനം ഏകോപിപ്പിച്ചത്. പ്രധാന പാലത്തിന് സമാന്തരമായി മറ്റൊരു പാലം കൂടി നിർമ്മിക്കാനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. പ്രധാനപാലം വഴിയുള്ള വാഹന നീക്കങ്ങൾക്ക് തടസ്സം നേരിടാതെ രക്ഷാപ്രവർത്തകർ നടന്നു പോകാൻ സഹായകമാകുന്ന നിലയിലാണ് ചെറിയ പാലം നിർമിക്കുന്നതെന്നാണ് വിവരം.