കോട്ടയം : ഉമ്മൻചാണ്ടി അനുസ്മരണവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മൻ. താൻ സംസാരിച്ചത് രാഷ്ട്രീയവേദിയില്‍ അല്ലെന്നും അവിടെ രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. വ്യക്തിപരമായ കാര്യം മാത്രമാണ് സൂചിപ്പിച്ചത്. അതിനെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകരുതെന്നാണ് അഭ്യർഥനയെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയമായി എന്തുനടന്നുവെന്ന് താനിവിടെ മിണ്ടിയിട്ടില്ല. പിതാവിന്റെ അനുസ്മരണവേദിയില്‍, അദ്ദേഹം ഉണ്ടായിരുന്ന സമയത്ത് എന്തായിരുന്നു നടന്നതെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ക്ഷമയുടെയും സഹിഷ്ണുതയുടേയും പാതയാണ് പിതാവ് തനിക്ക് കാണിച്ചുതന്നത്. കല്ലെറിഞ്ഞവരോട് ക്ഷമിച്ച വ്യക്തിയാണ് പിതാവ്. തനിക്ക് പിതാവിന്റെ വഴിയല്ലാതെ വേറൊരു വഴിയില്ല. പിതാവിനെ കൊന്നവരോട് ക്ഷമിച്ച വ്യക്തിയാണ് തന്റെ നേതാവ്. നരേന്ദ്രമോദിയെ സ്നേഹപൂർവ്വം ആശ്ലേഷിച്ച വ്യക്തിയാണ് തന്റെ നേതാവ്. തന്റെ പാത അതാണെന്നും അത് വിട്ട് എവിടേയും പോയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വിശദീകരിച്ചു.
അനുസ്മരണത്തെയെങ്കിലും വെറുതേ വിടൂ. ഈ പറഞ്ഞ വ്യക്തി സോളാർ സമയത്ത് എന്റെ പിതാവിനെ ആക്രമിച്ചു, എന്നെ ആക്രമിച്ചു. എന്റെ കല്യാണംവരെ മുടങ്ങിപ്പോയി. അത് പറയുന്നതില്‍ എനിക്ക് മടിയില്ല. പിതാവിനെ കൊല്ലാൻ ശ്രമിച്ചുവെന്ന് ആരോപിച്ചു. രാഷ്ട്രീയമായി അഭിപ്രായവ്യത്യാസമുണ്ട്. മുഖ്യമന്ത്രിക്കെതിരെ കറുപ്പുടുത്ത് വഴിയിലിരുന്ന് കരിങ്കൊടി കാണിച്ചയാളാണ്. രാഷ്ട്രീയമായി എതിർപ്പ് തുടരും. എന്നാല്‍, സമൂഹം ഒന്നിച്ചുപോകണമെങ്കില്‍ എല്ലാവരും വേണം. ആരേയും മാറ്റിനിർത്താൻ കഴിയില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.