കോട്ടയം: കുമരകത്ത് നാലു കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ എക്സൈസിൻ്റെ പിടിയിൽ.
കോട്ടയം തിരുവാതുക്കൽ വേളൂർ സ്വദേശി റഹ്മത്ത് മൻസിൽ സലാവുദ്ദീൻ (29), പാലക്കാട് ആലത്തൂർ ഉളികുത്താം പാടം സ്വദേശി പകുതി പറമ്പിൽ ഷാനവാസ് (18) എന്നിവരെയാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
കുമരകത്തുള്ള റിസോർട്ടിൽ താമസിച്ച് കഞ്ചാവ് വില്പന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത് . സ്വകാര്യ റിസോർട്ടിൽ നിന്നും കഞ്ചാവ് ഇടപാടുകാർക്ക് നൽകുന്നതിനായി വരുന്നതിനിടെ ബാങ്ക് പടി ജംഗ്ഷന് സമീപം വച്ച് എക്സൈസ് ഇൻറലിജൻസ് ടീം ഇവരെ പിടികൂടുകയായിരുന്നു. കോട്ടയത്തിന്റെ പല ഭാഗങ്ങളിലും കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിക്കുന്നതിൽ പ്രധാന കണ്ണികളാണ് ഇവരെന്നും, സലാവുദിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും എക്സൈസ് പറഞ്ഞു. തുടർന്നുള്ള എക്സൈസിനെയും പോലീസിന്റെയും സംയുക്തമായ ചോദ്യം ചെയ്യലിൽ ഒറീസയിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് കഞ്ചാവ് എത്തിച്ചതെന്നും അറിയാൻ സാധിച്ചു. ഈ ശൃംഖലയിലെ മറ്റു കണ്ണികൾക്കായി അന്വേഷണം നടക്കുന്നു.