കൊച്ചി : നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി വിൻ സി അലോഷ്യസിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ചർച്ചയായി ഷൈൻ പ്രതിയായിരുന്ന മുൻ കൊക്കെയ്ൻ കേസും. 2015 ജനുവരി 31ന് നടനും 4 വനിതാ മോഡലുകളും കൊച്ചിയിൽ അറസ്റ്റിലായ ലഹരി കേസിൽ എല്ലാവരേയും ഈ വർഷം ഫെബ്രുവരി 11ന് വെറുതെ വിട്ടിരുന്നു. എന്നാൽ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇവരെ വെറുതെ വിട്ട് വിധി വന്നത്.
കലൂർ–കടവന്ത്ര റോഡിലെ അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുന്നത്. എട്ടു ഗ്രാം കൊക്കെയ്ൻ ഇവരിൽ നിന്നു പിടിച്ചെടുത്തു എന്നായിരുന്നു കേസ്. പിന്നീട് ഇവർക്ക് കൊക്കെയ്ൻ വിതരണം ചെയ്ത നൈജീരിയൻ സ്വദേശി, ചെന്നൈ സ്വദേശികളായ രണ്ടു പേർ തുടങ്ങിയവരും അറസ്റ്റിലായി.
കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആദ്യ കൊക്കെയ്ൻ കേസായിരുന്നു 2015 ജനുവരിയിൽ നടന്നത്. പത്തു വർഷത്തിനു ശേഷം എല്ലാവരേയും വിട്ടയച്ചുകൊണ്ടുള്ള വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിനു വീഴ്ചപറ്റിയെന്നും പിടിച്ചെടുത്ത ലഹരി മരുന്നിന്റെ ശാസ്ത്രീയ പരിശോധന നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള പിഴവുകൾ എണ്ണിപ്പറഞ്ഞായിരുന്നു കോടതി വിധി. വനിതകളെ പരിശോധിക്കുമ്പോൾ ഗസറ്റഡ് റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥർ ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാൽ ഇത് ഇവിടെ പാലിക്കപ്പെട്ടില്ല. സ്ഥലത്തുണ്ടായിരുന്നത് ഗസറ്റഡ് റാങ്കുള്ള പൊലീസ് ഉദ്യോഗസ്ഥനായിരുന്നു.
കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രൊസിക്യൂഷനു കഴിഞ്ഞില്ല. റെയ്ഡ് നടത്തിയവരും പിന്നീട് സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെയുമൊക്കെ മൊഴികളിലെ വൈരുധ്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം നടപടിക്രമങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിനു വീഴ്ച പറ്റി. പിടിച്ചെടുത്ത കൊക്കൈയ്‌നിലെ ക്ലോറൈഡ് ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് ഫൊറന്‍സിക് സയന്‍സ് ലാബിൽ പരിശോധന നടത്തിയില്ല. ഫ്ലാറ്റിലെ പരിശോധനയിൽ പൊലീസ് കണ്ടെടുത്ത പല വസ്തുക്കളും സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല. ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ് അന്വേഷണ ഘട്ടത്തില്‍ മഹസര്‍ തയാറാക്കിയത്. ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്‌ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പൊലീസ് ഉദ്യോഗസ്ഥന് ഓര്‍മ്മയില്ല തുടങ്ങി ഒട്ടേറെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികളെ വെറുതെ വിട്ടതായി കോടതി വിധിച്ചത്.