തിരുവനന്തപുരം :- കലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകൾക്ക് വിലക്ക് വരുന്നു. വരും വർഷങ്ങളിലെ മേളയിൽ പ്രതിഷേധങ്ങൾ വിലക്കാനാണ് പൊതു വിദ്യാഭ്യാസവകുപ്പിന്‍റെ നീക്കം. പ്രതിഷേധങ്ങൾക്ക് വിലക്കിട്ട് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ കായിക മേളയുടെ സമ്മപനത്തിലെ പ്രതിഷേധങ്ങളിൽ അധ്യാപകർക്കെതിരെ വകുപ്പ് തല നടപടിക്കാണ് ശുപാർശ. നാവാ മുകുന്ദാ സ്കൂളിലെ മൂന്ന് പേർക്കും മാർ ബേസിലിലെ രണ്ട് പേർക്കുമെതിരെയാണ് നടപടി. കായിക മേളയിലെ സംഘർഷത്തെ കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ്.
63 – മത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനൊരുങ്ങുകയാണ് തിരുവനന്തപുരം. പ്രതിഷേധങ്ങള്‍ ഒഴിവാക്കാനും സമയക്രമം പാലിക്കാനും വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിയിരിക്കുന്നത്. എല്ലാ വേദികളിലും 9.30 ന് തന്നെ മത്സരങ്ങൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇ-അപ്പീലുകൾ വരുന്നതോടെ സമയക്രമത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകാം. ഫസ്റ്റ് കോളും സെക്കന്റ് കോളും തേർഡ് കോളും ചെയ്തിട്ടും വരാത്ത ടീമുകളെ അയോഗ്യരാക്കുന്നതും പരിഗണനയിലാണ്.
മത്സരങ്ങളിലെ ഒത്തുകളികൾ തടയിടാനും സർക്കാർ ശ്രദ്ധിക്കണമെന്ന് ഒരു കൂട്ടം അധ്യാപകർ പറഞ്ഞിരുന്നു. ചില പ്രത്യേക താൽപര്യങ്ങളുടെ പേരിൽ ചില സ്കൂളുകൾക്ക് പ്രത്യേക പരിഗണന നൽകുന്നത് മത്സരങ്ങളിൽ കണ്ടു വരാറുള്ളതാണ് അത്തരത്തിലുള്ള കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ഇവർ പറഞ്ഞു. മത്സരങ്ങൾക്ക് കൃത്യമായ വീഡിയോ റെക്കോർഡുകൾ ഉണ്ടാവണമെന്നും അപ്പീൽ പോകുന്ന പക്ഷം നിഷ്പക്ഷമായ സംഘം അതിനെ വിലയിരുത്തി കൃത്യമായ വിധി നിർണയം ഉണ്ടാകണമെന്നും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ അഭിപ്രായങ്ങളാണ്.