“ചട്ടം തൻ കടമയെ സെയ്യും”
മലപ്പുറം : ഇൻസ്റ്റാഗ്രാമിൽ പോലീസ് സ്റ്റേഷന്റെ മുന്നിലൂടെ അനധികൃതമായി മണൽ കടത്തുന്നത് റീൽസ് ഇട്ട ഏഴംഗസംഘം നിലമ്പൂർ പോലീസിന്റെ പിടിയിൽ. പ്രതികളിൽ ഒരാൾ ബിരുദ്ധ വിദ്യാർത്ഥിയാണ്. മണൽ കടത്തുന്നതിനായി ഉപയോഗിച്ച ടിപ്പർ ലോറി മണൽ സഹിതം പിടിച്ചെടുത്ത് കുറ്റവാളികളെ കോടതിയിൽ ഹാജരാക്കി.
സോഷ്യൽ മീഡിയയിൽ പോലീസിന് നേർക്ക് വരുന്ന കമന്റുകൾക്കും വെല്ലുവിളികൾക്കും മാസ്സായി പോലീസ് മറുപടി നൽകുന്നത് ഇതാദ്യമല്ല. ജൂലൈ 24നാണ് ടിപ്പർ ലോറിയിൽ മണൽ കടത്തുന്ന റീൽസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. 24 മണിക്കൂറും നടത്തിവരുന്ന സൈബർ പെട്രോളിംഗിൽ ആണ് ഇത് നിലമ്പൂർ പോലീസിൻറെ ശ്രദ്ധയിൽ പെട്ടത്. പോലീസിനെ വെല്ലുവിളിച്ചുകൊണ്ട് വൈറലാവാൻ ശ്രമിച്ചതാണ്. പക്ഷേ പാളിപ്പോയി. കുറ്റവാളികൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായെങ്കിലും തെളിവ് സഹിതം അവരെ അറസ്റ്റ് ചെയ്തു. ശേഷം മറുപടി എന്നപോലെ തൊണ്ടിമുതൽ കസ്റ്റഡിയിൽ എടുക്കുന്നതും കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതും വീഡിയോ എടുത്ത് മലപ്പുറം പോലീസിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ അവർ പങ്കുവെച്ചു. അതോടെ മലപ്പുറം പോലീസ് സോഷ്യൽ മീഡിയയിൽ താരമായി.
പ്രതികളിൽ രണ്ടുപേർക്ക് വിദേശത്തേക്ക് പോകാൻ വിസ ശരിയായിട്ടുണ്ടെന്നും, അവസാനത്തെ മണൽകടത്തൽ ആഘോഷമാക്കാൻ വേണ്ടിയാണ് റീൽസ് എടുത്തതെന്നും ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായി. “ചട്ടം തൻ കടമയെ സെയ്യും” എന്ന ക്യാപ്ഷനോട് കൂടിയാണ് മലപ്പുറം പോലീസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.