രാജ്യത്തെ വെർച്വൽ അറസ്‌റ്റ് തട്ടിപ്പുകളിലെ മുഖ്യസൂത്രധാരനായ രാജ്യാന്തരകുറ്റവാളി കേരള പൊലീസിൻ്റെ കസ്റ്റഡിയിൽ. പശ്ചിമബംഗാളിലെ ബിജെപി നേതാവും യുവമോർച്ച കൃഷ്‌ണഗഞ്ച് മണ്ഡലം പ്രസിഡന്റുമായ ലിങ്കൺ ബിശ്വാസാണ് (27) അറസ്‌റ്റിലായത്. കേരളത്തിലെ അമ്പതോളം വെർച്വൽ അറസ്‌റ്റ് ഭീഷണി തട്ടിപ്പുകൾക്കുപിന്നിൽ ഇയാളാണെന്നാണ് വിവരം.
കാക്കനാട് സ്വദേശിനിയായ റിട്ട. പ്രൊഫസറിൽനിന്ന് 4.12 കോടി രൂപ തട്ടിയെടുത്ത കേസിൽ കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ് ആണ് ഇയാളെ പിടികൂടിയത്. സൈബർ ക്രൈം സ്‌റ്റേഷൻ ഇൻസ്‌പെക്ടർ പി ആർ സന്തോഷ്, എഎസ്ഐ ശ്യാംകുമാർ, എസ്‌സിപിഒ-മാരായ ആർ അരുൺ, അജിത്‌രാജ്, നിഖിൽ ജോർജ്, സിപിഒമാരായ ഷറഫുദ്ദീൻ, ആൽഫിറ്റ് ആൻഡ്രൂസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
ബംഗ്ലാദേശ് അതിർത്തിയായ കൃഷ്‌ണഗഞ്ചിലെത്തി വളരെ സാഹസികമായാണ് മുഖ്യസൂത്രധാരനെ കുടുക്കിയത്. ഇയാളെ ചൊവ്വാഴ്ച്ച രാത്രിയോടെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്.
കേസിൽ മലപ്പുറം അരീക്കോട് സ്വദേശികളായ മുഹമ്മദ് മുഹാസിൽ (22), കെ പി മിഷാബ് (21) എന്നിവരടക്കം 15 പേരെ നേരത്തേ കേസിൽ അറസ്‌റ്റു ചെയ്‌തിരുന്നു. ഇയാൾക്ക് ചൈനയിലെയും കംബോഡിയയിലെയും സൈബർ തട്ടിപ്പുകാരുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഡൽഹി പൊലീസ് ചമഞ്ഞാണ് റിട്ട. പ്രൊഫസറിൽനിന്ന് പണം തട്ടിയത്. ഫോണിൽ ബന്ധപ്പെട്ട് മുഹമ്മദ് മുഹാസിലും കെ. പി മിഷാബുമാണ് അറസ്‌റ്റ് ഭീഷണിമുഴക്കിയത്. ആധാർ കാർഡ് ഉപയോഗിച്ച് ആരംഭിച്ച അക്കൗണ്ടുവഴി തട്ടിപ്പ് നടന്നെന്ന് പറഞ്ഞായിരുന്നു ഭീഷണി. അക്കൗണ്ടിലെ പണം കൈമാറാനും നിർദേശിച്ചു. പണം കൈമാറിയ റിട്ട. പ്രൊഫസർ തൃക്കാക്കര പൊലീസിൽ പരാതി നൽകി. തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യയുടെ നിർദേശാനുസരണം സൈബർ എസിപി എം കെ മുരളിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു.
നഷ്ടമായ തുകയിൽ വലിയ പങ്ക് മലപ്പുറത്തുനിന്ന് പിൻവലിച്ചതായി കണ്ടെത്തിയതിലൂടെ രണ്ടു പ്രതികൾ കുടുങ്ങി. തുടർന്നാണ് സംഘത്തലവനിലേക്ക് പൊലീസിന് ചെന്നെത്തുവാൻ സാധിച്ചത്.