നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി പരീക്ഷണ ലാൻഡിങ്ങ് വിജയകരമായി. വിമാനത്താവളം ഏപ്രിൽ 17ന് തുറക്കുമെന്നും മെയ് മാസം മുതൽ പ്രവർത്തനക്ഷമമാകുമെന്നും വിമാനത്താവളത്തിന്റെ ചുക്കാൻപിടിക്കുന്ന അദാനി എയർപോർട്ട് ഹോൾഡിങ് ലിമിറ്റഡ് സിഇഒ അരുൺ ബൻസാൽ പറഞ്ഞു. വിമാനത്താവളത്തിൽ വാണിജ്യ വിമാനത്തിന്റെ ലാൻഡിങ് പരീക്ഷണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബൻസാൽ.
ഇൻഡിഗോയുടെ എ 320 യാത്രാ വിമാനമാണു നിർമാണത്തിലിരിക്കുന്ന വിമാനത്താവളത്തിലെ റൺവേയിൽ ഇറങ്ങിയത്. വിമാനത്താവളത്തിന്റെ ലൈസൻസ് ഉൾപ്പെടെ നടപടികൾക്കായി സിവിൽ വ്യോമയാന ഡയറക്റ്റർ ജനറലിനെ സമീപിച്ചിട്ടുണ്ടെന്നും ബൻസാൽ പറഞ്ഞു. ജൂലൈ അവസാനത്തോടെ ഇവിടെ നിന്ന് അന്താരാഷ്ട്ര സർവീസുകളും തുടങ്ങാനായേക്കും. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ നാഴികക്കല്ലാണ് നവിമുംബൈ വിമാനത്താവളമെന്ന് ബൻസാൽ പറഞ്ഞു. ആഭ്യന്തര സർവീസ് മേയ് പകുതിയോടെയും അന്താരാഷ്ട്ര സർവീസുകൾ ജൂലായിലും ആരംഭിക്കുമെന്നാണ് അരുൺ ബൻസാൽ പ്രത്യാശ പ്രകടിപ്പിച്ചത് .
16,700 കോടി ചെലവുള്ള നവി മുംബൈ വിമാനത്താവളം പ്രവർത്തനം തുടങ്ങുന്നതോടെ സ്ഥലപരിമിതിയും സർവീസുകളുടെ ആധിക്യവുമായി വീർപ്പുമുട്ടുന്ന മുംബൈ വിമാനത്താവളത്തിന് ആശ്വാസമാകും.