കോട്ടയം :- എം. ജി സർവ്വകലാശാലയ്ക്ക് സമീപത്ത് നിന്നും ഇതര സംസ്ഥാന തൊഴിലാളിയെ ഒന്നര കിലോ കഞ്ചാവുമായി പിടികൂടി.
ഗാന്ധിനഗർ പോലീസും, എസ്.പി യുടെ ലഹരി വിരുദ്ധ സേനയും ചേർന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ദുഷ്മന്ത് നായിക് (21) ൻ്റെ പക്കൽ നിന്നുമാണ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഇടയിൽ തന്നെ വില്പന നടത്താനായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
യൂണിവേഴ്സിറ്റിക്ക് സമീപത്തെ പെട്രോൾ പമ്പിലെ തൊഴിലാളിയാണ് ദുശ്മന്ത്. ജേഷ്ഠനൊപ്പം ചേർന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. ഇയാളെ പിടികൂടാൻ സാധിച്ചിട്ടില്ല. നാട്ടിൽ പോയി മടങ്ങി വരുമ്പോൾ സുഹൃത്തുക്കൾക്ക് നൽകാനാണ് കഞ്ചാവ് എത്തിച്ചത്.
സുഹൃത്തിന് 30,000 രൂപയ്ക്ക് കഞ്ചാവ് വിൽക്കാനായി കാത്തു നിൽക്കുമ്പോഴാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.