തിരുവനന്തപുരം :- പാറശാല ഷാരോണ്‍ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധിശിക്ഷ വിധിച്ചു. കഷായത്തിൽ കീടനാശിനി കലർത്തി നൽകി പാറശാല മുര്യങ്കര ജെ പി ഹൗസിൽ ഷാരോൺ രാജിനെ (23) കൊലപ്പെടുത്തിയ കേസില്‍ കാമുകിയായ പൂമ്പള്ളിക്കോണം ശ്രീനിലയത്തിൽ ഗ്രീഷ്മ (24), ഗ്രീഷ്മയുടെ അമ്മാവനും മൂന്നാംപ്രതിയുമായ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തുടർന്ന് ശിക്ഷാ വിധി ഇന്നേക്ക് മാറ്റിവെക്കുകയായിരുന്നു. മൂന്നാം പ്രതിക്ക് മൂന്ന് വർഷത്തെ ശിക്ഷയാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വിധിച്ചിരിക്കുന്നത്.
ഗ്രീഷ്മ സമർത്ഥയായ കൊലപാതകിയാണെന്നും പ്രതി ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തിയാണെന്നും കോടതി പറഞ്ഞു. ജ്യൂസ് ചലഞ്ച് നടത്തിയത് അതിന്റെ തെളിവാണ്. നേരത്തേയും പ്രതി വധശ്രമം നടത്തിയിട്ടുണ്ട്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് പ്രതി കൃത്യം നടത്തിയത്. കുറ്റകൃത്യം നടത്തിയിട്ടും അവസാന നിമിഷം വരെ പിടിച്ചുനിൽക്കാനാണു ഗ്രീഷ്മ ശ്രമിച്ചത്. പ്രതിയുടെ പ്രായം മാത്രം നോക്കി ശിക്ഷായിളവ് നൽകാനാകില്ല എന്ന് കോടതി വ്യക്തമാക്കി. ഘട്ടം ഘട്ടമായി കൊലപാതകം ചെയ്യുകയെന്നായിരുന്നു പ്രതി ഉദ്ദേശിച്ചത്. 45 -ഓളം തെളിവുകള്‍ ഗ്രീഷ്മക്ക് എതിരായി ഉണ്ടെന്നും കോടതി വ്യക്തമാക്കി.
ഷാരോണ്‍ അനുഭവിച്ചത് കൊടിയ വേദനയാണ്. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാനാവാതെയാണ് ഷാരോൺ ആശുപത്രിയിൽ കഴിഞ്ഞത്. ഗ്രീഷ്മയെ ഷാരോൺ മർദിച്ചതിന് തെളിവില്ല. അതോടൊപ്പം തന്നെ പ്രതിഭാഗം ആരോപിക്കുന്നത് പോലെ ഗ്രീഷ്മയെ സ്വകാര്യ ചിത്രങ്ങള്‍ വെച്ച് ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്തിയതായുള്ള ഒരു തെളിവും ലഭിച്ചിട്ടില്ല. മരണക്കിടക്കയിൽ കിടക്കുമ്പോഴും ഗ്രീഷ്മയെ ഷാരോൺ സ്നേഹിച്ചു. വാവേ എന്നാണ് അദ്ദേഹം വിളിച്ചിരുന്നത്. ഗ്രീഷ്മ ശിക്ഷിക്കപ്പെടരുതെന്നാണു ഷാരോൺ ആഗ്രഹിച്ചതെന്നും കോടതി അഭിപ്രായപ്പെട്ടു.
വിധി പ്രസ്താവനത്തിന് മുന്നോടിയായി ഷാരോണിന്റെ കുടുംബാഗങ്ങളെ ജഡ്ജി തന്റെ ചേംമ്പറിലേക്ക് വിളിപ്പിച്ചു. മികച്ച രീതിയില്‍ അന്വേഷണം നടത്തിയ അന്വേഷണ സംഘത്തെ കോടതി പ്രശംസിച്ചു. മാറിയകാലത്തിന് അനുസരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. പരമാവധി ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും കൂട്ടിയിണക്കിയുള്ള അന്വേഷണം അഭിനന്ദനാർഹമാണെന്നും കോടതി വ്യക്തമാക്കി.
കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, വിഷം നല്‍കല്‍, കൊലപാതക ശ്രമം, , അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കള്‍ തുടങ്ങിയ കുറ്റങ്ങളിലാണ് ഗ്രീഷ്മ ശിക്ഷിക്കപ്പെട്ടത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന കുറ്റമാണ് നിർമ്മല നായർക്കെതിരെ ചുമത്തിയിരുന്നത്. രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് ഷാരോണിന്റെ കുടുംബവും പ്രോസിക്യൂഷനും വാദിച്ചപ്പോള്‍ പ്രായവും വിദ്യാഭ്യാസവും പരിഗണിച്ചു കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം.
2022 ഒക്ടോബർ 14 നാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം കലർത്തിയ കഷായം ഗ്രീഷ്മ ഷാരോണിന് നല്‍കുന്നത്. ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണ്‍ മരണപ്പെട്ടു. ചികിത്സയിലിരിക്കെ ഷാരോണ്‍ അനുഭവിച്ച പ്രയാസങ്ങള്‍ കോടതിയുടെ വിധിയിലും പരാമർശിച്ചു. 11 ദിവസം ഒരു തുള്ളി വെള്ളം ഇറക്കാൻ ആകാതെ ഷാരോൺ ആശുപത്രിയിൽ കിടന്നു. ആന്തരികാവയവങ്ങൾ അഴുകിയാണു ഷാരോൺ മരിച്ചതെന്നുമാണ് കോടതി ചൂണ്ടിക്കാട്ടിയത്.