പത്തനംതിട്ട :- 15 കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പീഡനത്തിരയാക്കിയ സംഭവത്തിൽ യുവാവുവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം സ്വദേശി അമൽ പ്രകാശും (25) മുപ്പത്തിയഞ്ചുകാരിയായ കുട്ടിയുടെ അമ്മയുമാണ് അറസ്റ്റിലായത്.
യുവാവ് ഫോൺ വിളിച്ചും സന്ദേശങ്ങൾ അയച്ചുമാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നൽകിയ ഇയാൾ ക്ഷേത്രത്തിൽ വച്ച് താലിചാർത്തി വിവാഹം കഴിഞ്ഞുവെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. പിന്നാലെ മൂന്നാറിലെത്തിച്ച് കുട്ടിയെ പീഡിപ്പിച്ചു.
യുവാവ് പെൺകുട്ടിയുടെ അമ്മയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കുട്ടിയെ വീട്ടിൽ നിന്നും കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. അമ്മയുടെ സാന്നിധ്യത്തിലാണ് അമൽ പതിനഞ്ചുകാരിയുടെ കഴുത്തിൽ താലിചാർത്തിയത്. പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് പിതാവ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
രണ്ടാം പ്രതിയായ കുട്ടിയുടെ അമ്മ മൂന്നാറിലുണ്ടെന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച് പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘം മൂന്നാറിലെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ കോന്നി നിർഭയ ഹെൻറി ഹോമിലേക്ക് മാറ്റി. അമലിനെതിരെ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.