കോഴിക്കോട് :- കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ ചവറ്റുകുട്ടയിൽ 1.65 കോടിയുടെ സ്വർണമിശ്രിതം കസ്റ്റംസ് വിഭാഗം ഉപേക്ഷിക്കപ്പെട്ട നിലയിൽ എയർ കണ്ടെത്തി. വിമാനത്താവളത്തിനു പുറത്തെത്തിക്കാനാകാതെ ഉപേക്ഷിച്ചതാകാമെന്നാണ് സൂചന. രാജ്യാന്തര ടെർമിനലിലെ ആഗമന ഹാളിലെ ചവറ്റുകുട്ടയിൽ നിന്നാണ് 1.7 കിലോയുടെ സ്വർണ മിശ്രിതം കണ്ടെടുത്തത്. ശുചീകരണത്തൊഴിലാളികളാണ് സ്വർണ മിശ്രിതം ഉൾപ്പെട്ട പായ്ക്കറ്റ് കണ്ടെത്തിയത്. തുടർന്ന് കസ്റ്റംസ് സംഘം സ്വർണം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദുബായിൽ നിന്നെത്തിയ ഒരു യാത്രക്കാരനാണ് സ്വർണം ഇങ്ങനെ ഉപേക്ഷിച്ചതെന്നാണ് സംശയം. പിടിക്കപ്പെടുമെന്നു കരുതി ഇത്തരത്തിൽ ഉപേക്ഷിച്ചതോ മറ്റു ജീവനക്കാരെ സ്വാധീനിച്ച് പുറത്തു കടത്താനായി ചവറ്റുകുട്ടയിൽ ഇട്ടതോ ആകാമെന്നും വിലയിരുത്തലുണ്ട്. സ്വർണമിശ്രിതം വേർതിരിച്ചപ്പോൾ ഒന്നര കിലോഗ്രാമോളം സ്വർണമാണ് കിട്ടിയത്. അന്വേഷണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഏറ്റെടുത്തു.




