ഇന്ന് 2025 നവംബർ 1, ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളത്തിന്റെ 69ാം ജന്മദിനമാണ്. ഈ ദിനത്തെ നമ്മൾ മലയാളികൾ കേരളപ്പിറവി എന്ന് വിളിക്കുന്നു. കേരളപ്പിറവി ദിവസം ലോകമെമ്പാടുമുള്ള മലയാളികൾ വിപുലമായി ആഘോഷിക്കാറുണ്ട്. കേരളത്തിന്റെ പാരമ്പരാഗത വസ്ത്രമണിഞ്ഞും, ആഘോഷ പരിപാടികൾ സംഘടിപ്പിച്ചും, വിവിധ തരം ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തിയും ഈ ദിവസം ആഘോഷിക്കാറുണ്ട്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്നതിൽ ഓരോ മലയാളിയും എന്നും അഭിമാനിക്കാറുണ്ട്. കേരളത്തിന്റെ സംസ്കാരവും പൈതൃകവും എന്നും ആളുകൾ മുറുകി പിടിക്കാറുമുണ്ട്, ഈ കാര്യങ്ങൾ മറ്റു രാജ്യങ്ങൾ ചർച്ച ചെയ്യുന്നതുമാണ്.
എന്നാൽ, പലർക്കും ഇന്നും കേരളപ്പിറവിയുടെ ചരിത്രം എന്താണെന്ന് അറിയില്ല.
എങ്ങനെയാണ് നാല് നാടായി കിടന്ന ഈ ഭൂപ്രദേശം ഇങ്ങനെ കേരളമായത് ???
കേരളപ്പിറവിയുടെ ചരിത്രം
മലബാർ, കൊച്ചി, തിരുവതാംകൂർ എന്ന് മൂന്നായി കിടന്നിരുന്ന നാട്ടുരാജ്യങ്ങൾ ഒരുമിച്ച് രൂപംകൊണ്ടതാണ് കേരളം. 1956 നവംബർ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപം പ്രാപിച്ചത്. ഇന്ന് കേരളത്തിന് 14 ജില്ലകൾ, 20 ലോകസഭാ മണ്ഡലങ്ങൾ 140 നിയമസഭാ മണ്ഡലങ്ങൾ എന്നിവ ഉണ്ട്. എന്നാൽ 1956 നു മുന്നേ തന്നെ ഐക്യകേരളം എന്ന ആശയം ഇവിടെ ഉണ്ടായിരുന്നു.
1956 നു മുൻപ്, മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി താരം തിരിച്ചിരുന്നു. തെക്ക്, മധ്യ പ്രദേശങ്ങളിൽ തിരുവിതാംകൂർ, കൊച്ചി എന്നും വടക്കുള്ള മദ്രാസ് പ്രസിഡൻസിയുടെ ഭാഗത്തിനെ മലബാർ എന്നും തിരിച്ചു.
1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുകയും, ഭാഷയുടെ അടിസ്ഥാനത്തിൽ ഓരോ സംസ്ഥാനങ്ങൾ രൂപീകരിക്കണം എന്ന ആവശ്യം ഉയർന്നു വന്നു. തുടർന്ന് 1949 ജൂലൈ 1 ന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് തിരുവിതാംകൂർ കൊച്ചി രൂപീകരിച്ചു.
1956 നവംബർ 1 ന് സംസ്ഥാന പുനഃസംഘടന നിയമ പ്രകാരം, മലബാറും ദക്ഷിണ കാനറയിലെ കാസർകോഡ് തിരുവിതാംകൂർ കൊച്ചിയുമായി ലയിപ്പിച്ച് കേരളം എന്ന സംസ്ഥാനം രൂപികരിച്ചു.
കേരളപ്പിറവിയുടെ പ്രാധാന്യം
എല്ലാ വർഷവും നവംബർ ഒന്നാം തിയതി മലയാളികൾ വലിയ ആഘോഷത്തോടെയാണ് ഈ ദിവസത്തെ വരവേൽക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ പിറവി എന്നതിൽ അപ്പുറം ഇത് കേരളത്തിന്റെ സംസ്കാരം, ഭാഷ , മൂല്യങ്ങൾ, പൈതൃകം എന്നിവ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ്. കൂടാതെ വിദ്യാഭ്യാസം, ആരോഗ്യ മേഖല, സാമൂഹിക ക്ഷേമം എന്നിവയിൽ കേരളം എന്നും മുന്നിലാണ്.
എല്ലാ മലയാളികൾക്കും ഐശ്വര്യവും നന്മയും നിറഞ്ഞ കേരള പിറവി ആശംസകൾ…




