ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് മുരാരി റാന്നി കോടതി റിമാൻഡ് ചെയ്തു. അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ പിന്നീട് നൽകും. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മുരാരി ബാബുവിനെ മാറ്റും.
ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവിനെ ഇന്നലെ രാത്രി പത്തുമണിയോടെ പെരുന്നയിലെ വീട്ടിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. എസ് പി ശശിധരന്റെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. അതിനിടെ 2025ലെ മിനിട്സ് ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടു. ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം മോഷ്ടിച്ച കേസില്‍ രണ്ടാം പ്രതിയാണ് നിലവിൽ സസ്പെൻഷനിലുള്ള ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ മുരാരി ബാബു.
2019 ൽ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു ഇയാൾ. സ്വർണ്ണപാളിയെന്ന് രേഖപ്പെടുത്തിയ ദേവസ്വം ബോർഡ് രേഖകൾ തിരുത്തി ചെമ്പു പാളിയെന്ന് മാറ്റിയത് മുരാരി ബാബുവാണ്. സ്വർണ്ണക്കൊള്ളയ്ക്ക് വഴിയൊരുക്കാനാണ് ബോധപൂർവ്വം ഈ ഗുരുതര വീഴ്ച വരുത്തിയത് എന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്ന 2024ലും 2025ലും പാളികൾ ചെമ്പ് ആണെന്ന് മുരാരി ബാബു രേഖപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച ശക്തമായ തെളിവുകൾ ലഭിച്ചതിന് പിന്നാലെയാണ് ഇന്നലെ രാത്രി 10 മണിയോടെ മുരാരി ബാബുവിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. അര്‍ധരാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ശശിധരന്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്തു. പിന്നാലെ രാവിലെ ഒമ്പത് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് 2019ലെ ദേവസ്വം ബോർഡ് മിനിട്സ് പ്രത്യേക അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഇതോടൊപ്പം 2024-25 കാലത്തെ മിനിട്സ് രേഖകൾ ഹാജരാക്കാൻ ദേവസ്വം ബോർഡിനോട് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകൾ ഉടൻ കൈമാറുമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.




