കാലങ്ങളായി ശാസ്ത്രലോകം ഭൂമിക്ക് പുറത്ത് എവിടെയെങ്കിലും ജീവനുള്ള ഒരു സമൂഹം ഉണ്ടോ എന്നുള്ള അന്വേഷണത്തിലാണ്. ഏലിയൻസ് എന്നും പാരൽ യൂണിവേഴ്സെന്നും തുടങ്ങിയ വിശ്വാസങ്ങൾ ഉണ്ടെങ്കിലും അതെല്ലാം കോൺട്രവേഴ്സി തിയറികൾ മാത്രമാണെന്നും പറയുന്ന ശാസ്ത്രത്തിൻ്റെ മറ്റൊരു വിഭാഗവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ഇപ്പോഴും ശാസ്ത്രലോകം ഈ അന്വേഷണത്തിൻ്റെ ഭാഗമായി ഭൂമിക്ക് പുറത്തേക്ക് ഹൈ ഫ്രീക്വൻസിയിലുള്ള റേഡിയോ സിഗ്നലുകൾ അയച്ചുകൊണ്ടേയിരിക്കുന്നു. ഭൂമിക്ക് പുറത്തുനിന്ന് വരുന്ന ഓരോ സിഗ്നലുകളും മറ്റൊരു യൂണിവേഴ്സിൽ നിന്നും വരുന്നതാണ് എന്നുള്ള വിശ്വാസത്തിൽ അവരുമായി ഏതെങ്കിലും തരത്തിൽ ആശയവിനിമയം നടത്തുന്നതിനുമായി ആ സിഗ്നലുകളെല്ലാം ഡീകോഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ നമുക്ക് ലഭിച്ച ഒരു സിഗ്നൽ ആണ് ‘വൗ ‘ സിഗ്നൽ എന്ന പേരിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.
ബുദ്ധിശക്തിയുള്ള ഏലിയൻ സമൂഹങ്ങളുമായി ആശയവിനിമയം നടത്താനുള്ള ശ്രമങ്ങൾ സേർച് ഫോർ എക്‌സ്ട്ര ടെറസ്ട്രിയൽ ഇന്റലിജൻസ് (സേറ്റി) എന്ന പേരിൽ അറിയപ്പെടുന്നു. ഇക്കൂട്ടത്തിൽ വിവിധ പദ്ധതികളുണ്ടായിട്ടുണ്ട്.1960ൽ കോർണൽ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഡ്രേക്ക് പ്രോജക്ട് ഓസ്മ എന്ന പേരിൽ ആദ്യ സേറ്റി പരീക്ഷണ പദ്ധതി നടത്തി. റേഡിയോ സന്ദേശങ്ങൾ അയച്ചും ഭൂമിയിലേക്കു വരുന്ന റേഡിയോ സന്ദേശങ്ങൾ പിടിച്ചെടുത്തു പരിശോധിച്ചുമാണ് സേറ്റി പ്രവർത്തിക്കുന്നത്.
1973ൽ ‘ബിഗ് ഇയർ’ എന്നു വിളിപ്പേരുള്ള വമ്പൻ ടെലിസ്‌കോപ്പുമായി ഒഹായോ സ്റ്റേറ്റ് സേറ്റി പദ്ധതി നിലവിൽ വന്നു. 1977 ഓഗസ്റ്റ് 15ന് സജിറ്റേറിയസ് നക്ഷത്രസമൂഹത്തിൽ നിന്ന് ദുരൂഹമായ ഒരു സിഗ്‌നൽ ഈ ടെലിസ്കോപ്പിലേക്കു എത്തി. 72 സെക്കൻഡുകളായിരുന്നു ദൈർഘ്യം. 1420 മെഗാഹെർട്സ് എന്ന ഫ്രീക്വൻസിയിലുള്ള സിഗ്നൽ ആശയവിനിമയത്തിനുപയോഗിക്കുന്ന തരത്തിലുള്ളതായിരുന്നു. ജെറി എഹ്മാൻ എന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ് അപ്പോൾ ടെലിസ്കോപ് നിയന്ത്രിച്ചിരുന്നത്. അദ്ദേഹം ഒരു പേപ്പറിൽ അദ്ഭുതപൂർവം ‘വൗ(WOW)’ എന്നെഴുതി. പിന്നീടു ശാസ്ത്രലോകം ഈ സിഗ്‌നലിനെ വൗ എന്ന പേരിൽ വിളിച്ചു തുടങ്ങി.
പല കാരണങ്ങൾ ഈ സിഗ്‌നലിനായി പ്രവചിക്കപ്പെട്ടു. പ്രപഞ്ചത്തിലെ ഹൈഡ്രജൻ മേഘങ്ങളിൽ നിന്നു പൊടുന്നനെ പുറപ്പെട്ടതാകാം ഇതെന്നായിരുന്നു ഒരു വാദം. സജിറ്റേറിയസ് നക്ഷത്രസമൂഹത്തിനടുത്തുകൂടി കടന്നുപോയ ഒരു വാൽനക്ഷത്രത്തിന്റേതായിരുന്നു ശബ്ദമെന്നത് മറ്റൊരു വാദമാണ്. എന്നാൽ ചിലർ ഇത് ഏതോ അന്യഗ്രഹജീവി സമൂഹങ്ങളിൽ നിന്നും അയച്ചതാണെന്നും വാദിക്കുന്നു. എന്നാൽ ഇതിന്റെ മൂന്നിൽ രണ്ട് ഫ്രീക്വൻസിയുള്ള മറ്റൊരു സിഗ്നൽ 2020ൽ പ്രോക്സിമ സെഞ്ചറി നക്ഷത്രത്തിന്റെ ദിശയിൽനിന്നും ലഭിച്ചു. ബിഎൽസി വൺ എന്നു പേരു നൽകപ്പെട്ടു.
ഇത്തരത്തിലുള്ള പരീക്ഷണങ്ങളെ വളരെ ഭീതിയോടെ നോക്കിക്കാണുന്ന ഒരു കൂട്ടം ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഇവിടെ മനുഷ്യവാസം ഉണ്ട് അറിയുന്ന പക്ഷം നമ്മൾ വിശ്വസിക്കുന്നതിനേക്കാൾ കൂടുതൽ അപകടകാരികളായ ഒരു അന്യഗ്രഹ ജീവി സമൂഹം നമ്മളെ ആക്രമിക്കാൻ സാധ്യത ഉണ്ട് എന്നും പറയുന്നു. ആയതിനാൽ ഇത്തരത്തിലുള്ള പരീക്ഷണങ്ങൾ ആത്മഹത്യാപരമാണെന്നും അവർ വാദിക്കുന്നു.




