കൊച്ചി :- ചെല്ലാനത്തു നിന്നു കടലിൽ മീൻപിടിക്കാൻ പോയി കാണാതായ 5 മത്സ്യത്തൊഴിലാളികളും സുരക്ഷിതരായി മടങ്ങിയെത്തി. ചെല്ലാനം കണ്ടക്കടവ് സ്വദേശികളായ പൊള്ളയിൽ ഫ്രാൻസിസ്, കുഞ്ഞുമോൻ, അരേശേരി ആന്റപ്പൻ, പൊള്ളയിൽ പ്രിൻസൺ, അറയ്ക്കൽ സെബിൻ എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. കോസ്റ്റ് ഗാർഡും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ തിരിച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്താനായത്.
ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് ചെല്ലാനം മിനി ഫിഷിങ് ഹാർബറിൽ നിന്ന് ഇമ്മാനുവൽ എന്ന സിംഗിൾ എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ ഇവർ മീൻപിടിക്കാൻ പോയത്. മത്സ്യബന്ധനത്തിന് ശേഷം ഇന്നു രാവിലെ 10 മണിയോടെ ഇവർ മടങ്ങി എത്തേണ്ടതായിരുന്നു. നേരം വൈകിയിട്ടും എത്താതായതോടെ ഇവരുടെ ഭാര്യമാർ മറ്റു തൊഴിലാളികളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, ഹാർബറിൽ പരിശോധിച്ചപ്പോഴാണ് ഇവരുടെ വള്ളം തിരികെ എത്തിയിട്ടില്ലെന്ന് മറ്റു തൊഴിലാളികളും അറിയുന്നത്. തുടർന്ന് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. 5 പേരും സുരക്ഷിതരായി തീരത്തണഞ്ഞതിന്റെ ആശ്വാസത്തിലാണ് ചെല്ലാനം.




