ഇന്ത്യൻ പൗരന്മാരുടെ അടിസ്ഥാന തിരിച്ചറിയൽ രേഖയായ ആധാർ കാർഡ് കൈകാര്യം ചെയ്യുന്ന രീതിയിൽ വളരെ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). 2025 നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമമനുസരിച്ച്, ആധാർ ഉടമകൾക്ക് ഇനി അവരുടെ പേര്, വിലാസം, ജനനത്തീയതി, മൊബൈൽ നമ്പർ തുടങ്ങിയ ഡെമോഗ്രാഫിക് വിവരങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യാൻ ഒരു സഹായരേഖയും (Supporting Document) അപ്ലോഡ് ചെയ്യേണ്ടതില്ല.
ഈ അപ്ഡേറ്റ് പ്രക്രിയ പൂർണമായും ഓൺലൈനും, ഓട്ടോമാറ്റിക്കുമാണ്. പാൻ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, സ്കൂൾ രേഖകൾ തുടങ്ങിയ മറ്റ് സർക്കാർ ഡാറ്റാബേസുകളുമായി ആധാർ വിവരങ്ങൾ ബന്ധിപ്പിച്ച് ക്രോസ്-ചെക്ക് ചെയ്താണ് യുഐഡിഎഐ ഇനിമുതൽ വെരിഫിക്കേഷൻ നടത്തുക. ഇത് ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ആധാർ അപ്ഡേറ്റ് ചെയ്യുന്നത് വേഗത്തിലും, എളുപ്പത്തിലും, കടലാസ് രഹിതവുമാക്കാൻ സഹായിക്കും.
● ഡെമോഗ്രാഫിക് അപ്ഡേറ്റ് നിരക്ക് 75 രൂപയായും ബയോമെട്രിക് അപ്ഡേറ്റ് നിരക്ക് 125 രൂപയായും ഉയർത്തി.
● 5-7 വയസ്സിനിടയിലും 15-17 വയസ്സിനിടയിലുമുള്ള നിർബന്ധിത ബയോമെട്രിക് അപ്ഡേറ്റുകൾ സൗജന്യമായി തുടരും.
● ആധാർ കേന്ദ്രങ്ങളിൽ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിന് 75 രൂപ ഈടാക്കുമെങ്കിലും ഓൺലൈൻ അപ്ഡേറ്റ് 2026 ജൂൺ വരെ സൗജന്യമായിരിക്കും.
● പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2025 ഡിസംബർ 31 വരെയാണ്.




