കൊച്ചി :- വീട്ടമ്മയിൽ നിന്നു ഓൺലൈൻ ട്രേഡിങ്ങിൽ വൻ ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരുമ്പാവൂർ വെങ്ങോല തണ്ടേക്കാട് ഭാഗത്ത് താമസിക്കുന്ന ഒന്നാം മൈൽ കരുമക്കാട്ട് വീട്ടിൽ ആഷിക് (27) ആണ് കാലടി പോലീസിൻ്റെ പിടിയിലായത്.
43,87,000 രൂപയാണ് കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ വിവിധ ദിവസങ്ങളിലായി കാലടി നീലീശ്വരം സ്വദേശിയായ വീട്ടമ്മയിൽ നിന്ന് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ് സംഘം കൈക്കലാക്കിയത്. ട്രേഡിങ്ങിലൂടെ വലിയ ലാഭം നേടാമെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീട്ടമ്മയെ വാട്സാപ്പ് വഴിയാണ് തട്ടിപ്പു സംഘം പരിചയപ്പെട്ടത്.
പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നു പണം കൈമാറ്റം ചെയ്ത വിശദാംശങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. ഇൻസ്പെക്ടർ അനിൽ കുമാർ ടി.മേപ്പിള്ളി, എസ്.ഐ സുധീർ, എ.എസ്.ഐ സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.




