തിരുവനന്തപുരം :- 15 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ഓട്ടോയ്ക്കുള്ളില്‍ വച്ച് പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 18 വര്‍ഷം കഠിന തടവും 90,000 രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് അഞ്ചു മീര ബിര്‍ള ആണ് പ്രതി ഷമീറിനെ (37) ശിക്ഷിച്ചത്. കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരവും പിഴത്തുകയും നല്‍കണം.
2023 ഫെബ്രുവരി 24 രാത്രിയിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹോദരിയെ സഹായിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രതി ഓട്ടോയില്‍ കയറ്റി ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടി നിലവിളിച്ചപ്പോള്‍ അതുവഴി വന്ന ബൈക്ക് യാത്രികര്‍ ഇതു കണ്ടു. ഇതോടെ പ്രതി കുട്ടിയുമായി ഓട്ടോയില്‍ രക്ഷപെട്ടു. ബൈക്ക് യാത്രികർ വഞ്ചിയൂര്‍ പോലീസില്‍ വിവരം അറിയിക്കുകയും ഓട്ടോയെ പിന്തുടരുകയും ചെയ്തു. ഇതു മനസിലാക്കിയ പ്രതി കുട്ടിയെ തമ്പാനൂരില്‍ ഇറക്കിവിട്ട് ഓട്ടോയില്‍ രക്ഷപ്പെട്ടു.
റോഡില്‍നിന്നു പൊട്ടിക്കരഞ്ഞ കുട്ടിയെ നാട്ടുകാര്‍ ചേർന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഷമീറിനെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. മെഡിക്കല്‍ കോളജ് സി.ഐ പി.ഹരിലാല്‍, എസ്.ഐ എ.എല്‍.പ്രിയ എന്നിവരാണ് കേസ് അന്വേഷിച്ചത്.




