ന്യൂഡൽഹി :- ദ്വാരകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ യുവാവിനായി പോലീസ് തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ ഹർദോയി സ്വദേശിനിയായ പെൺകുട്ടി വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം ഡൽഹി ദ്വാരകയിലെത്തിയത്. വിവാഹചടങ്ങിനിടെ മണ്ഡപത്തിലെ ശുചിമുറിയിൽ വച്ച് 25കാരനായ യുവാവ് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി സഹായത്തിനായി നിലവിളിച്ചതോടെയാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടെ യുവാവ് സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.
തുടർന്ന് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, പരാതി പരിശോധിച്ചുവരികയാണെന്നും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. ശുചിമുറിയിൽ കയറിയപ്പോൾ യുവാവ് തന്നെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പോക്സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതിക്കായി തിരിച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.




